anakomb

കട്ടപ്പന: കൊത്തുപണി നടത്തിയ രണ്ട് ആനക്കൊമ്പുകൾ വില്കാൻ ശ്രമിച്ച നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ (39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു സാമുവൽ (35), ഇയാളുടെ ഡ്രൈവർ തിരുവല്ല മുത്തൂർ പൊന്നാക്കുഴിയിൽ പ്രശാന്ത് പി.എസ്. (34), ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ് (ബേബിച്ചൻ, 65) എന്നിവരാണ് പിടിയിലായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന് സജിയുടെ കൈവശം ആനക്കൊമ്പുകൾ ഉള്ളതായി വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് കൊമ്പുകൾ വാങ്ങാനെന്ന പേരിൽ ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് 8 ലക്ഷം രൂപയ്ക്ക് കൊമ്പുകൾ വില്കാൻ ധാരണയായി. ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ മഫ്തിയിൽ കട്ടപ്പന ഇടുക്കിക്കവലയ്ക്ക് സമീപമെത്തി നിലയുറപ്പിച്ചു. തുടർന്ന് രണ്ട് സ്‌കൂട്ടറുകളിലായി എത്തിയ സജി, പ്രശാന്ത്, സാബു എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്‌കറിയുടെ പക്കൽ നിന്നാണ് സജി 25,000 രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയതെന്ന വിവരം ലഭിച്ചത്. തുടർന്ന് സ്‌കറിയയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.