vellilamkandam
കാട്ടപോത്തിനെ കണ്ട സ്ഥലത്ത് തിരച്ചിലിനെത്തിയ നാട്ടുകാരും വനപാലകരും.

കട്ടപ്പന: കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് ജനവാസ മേഖലയിലെത്തിയ കാട്ടപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് തുരത്തി. മണിക്കൂറുകൾ നടത്തിയ തിരച്ചിലിലാണ് ഏലത്തോട്ടത്തിൽ കയറി ഒളിച്ച കാട്ടപോത്തിനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ തോട്ടത്തിലേക്ക് തൊഴിലാളിയുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് വെള്ളിലാംകണ്ടം കൽത്തൊട്ടി റൂട്ടിലെ റോഡരികിൽ കാട്ടപോത്തിനെ കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗത്തെയും വനപാലകരെയും വിവരമറിയിച്ചു. നാട്ടുകാരും സ്ഥലത്തെത്തി ഏലത്തോട്ടത്തിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. റോഡരികിൽ കാണപ്പെട്ട കാൽപ്പാടുകൾ പിന്തുടർന്ന് ഒരുകിലോമീറ്ററോളം കൃഷിയിടങ്ങളിലൂടെ കുത്തനെയുള്ള കയറ്റം കയറി നടത്തിയ തിരച്ചിലാണ് തോട്ടത്തിനുള്ളിൽ കാട്ടപോത്തിനെ കണ്ടെത്തിയത്. ആളുകളെ കണ്ട് ഓടിയ കാട്ടപോത്ത് വെള്ളിലാംകണ്ടതിനു സീപത്തുകൂടി തിരികെ ഓടി മറഞ്ഞു. പഞ്ചായത്ത് അംഗം ജോമോൻ തെക്കേലിന്റെ നേതൃത്വത്തിൽ വനപാലകരായ എഡ്വിൻ കിങ്ഫ്‌ലി, ബിനോയി ജോസഫ്, വി.ജെ. ജിജോ, പ്രദേശവാസികളായ ജോസ് മോർപാല, മനേഷ് ആയല്ലൂർ, ജോബിൻ കൊളശേരിൽ, റെജി തട്ടാംപറമ്പിൽ, മനോജ് വരിക്കാനി, വിൻസ് ചെറ്റയിൽ എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി.