ചങ്ങനാശേരി: വാഴൂർ റോഡിൽ മാമ്മൂട്ടിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു മാസങ്ങൾ പിന്നിട്ടിട്ടും ബസ് സ്റ്റോപ്പ് മാറ്റാത്തിനെതിരെ പ്രതിഷേധം ശക്തമായി. ടൗണിന്റെ മധ്യഭാഗത്തുനിന്നും ബസ് സ്റ്റോപ്പ് മാറ്റണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ആറു മാസമായി പണി പൂർത്തിയായി ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട്. ചങ്ങനാശേരി ഭാഗത്തു നിന്ന് കറുകച്ചാലിലേയ്ക്കുള്ള ബസുകൾ നിലവിൽ പണികഴിപ്പിച്ചിരിക്കുന്ന ബസ് ബേ യിലേയ്ക്ക് മാറ്റിയാൽ ഇപ്പോഴുള്ള ഗതാഗത കുരുക്ക് കുറെയേറെ മാറ്റാൻ കഴിയും. ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസുകൾ സമീപത്തെ സ്റ്റേറ്റ് ബാങ്കിനു അടുത്തേക്ക് മാറ്റിയാൽ പൊതു ജനങ്ങൾക്ക് സൗകര്യമാവുമെന്നും നിർദ്ദേശം ഉയരുന്നുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡുകളും അനുയോജ്യമായ ഭാഗത്തേക്ക് മാറ്റി യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും സൗകര്യ പ്രദമായ രീതിയിൽ പുനസ്ഥാപിച്ചാൽ മാമ്മൂട്ടിലെ വ്യാപരികൾക്കും ഉപകാരപ്രദമാകുമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതോടെ മാമ്മൂട് ടൗണിലെ ഗതാഗത കുരുക്ക് പൂർണ്ണമായും ഒഴിവാകും.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു മാമ്മൂട് വികസന സമിതി പ്രസിഡന്റ് മാത്യു ജോസഫ് സി ചെത്തിപ്പുഴ, വൈസ് പ്രസിഡന്റ് ആശ കുട്ടപ്പൻ, സെക്രട്ടറി കുഞ്ഞുമോൻ കളരിമുറിയിൽ, ട്രഷറർ ജോൺസൺ മാമ്മൂട് എന്നിവരുടെ നേതൃത്വത്തിൽ ചങ്ങനാശേരി എം.എൽ.എ അഡ്വക്കേറ്റ് ജോബ് മൈക്കിൾ, ചങ്ങനാശേരി ഡിവൈ.എസ്.പി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ചങ്ങനാശേരി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്ക് നിവേദനം നൽകി.