കോട്ടയം: രണ്ട് ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് പ്രവേശനം നൽകി ടൂറിസം മേഖല തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഉത്തരവ് ഇറക്കാൻ അധികൃതർ തയ്യാറാവുന്നില്ല. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ടൂറിസം മേഖല . ടി.പി.ആർ നിരക്ക് പത്തിൽ താഴ്ന്ന ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്.
കോടികൾ ചെലവഴിച്ച് കുമരകം കെ.ടി.ഡി.സി ഹോട്ടലും കോട്ടേജുകളും നവീകരിച്ചിട്ട് മാസങ്ങളായി. രണ്ടു വർഷത്തോളം അടച്ചിട്ടായിരുന്നു നവീകരണ പ്രവർത്തനം. അതുകഴിഞ്ഞപ്പോൾ കൊവിഡ് നിയന്ത്രണത്താൽ തുറക്കാൻ കഴിഞ്ഞിട്ടില്ല . മറ്റു റിസോർട്ടുകളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . മുഴുവൻ റിസോർട്ട്, ഹോട്ടൽ ജീവനക്കാരും ഹൗസ് ബോട്ട്, ടൂറിസ്റ്റ് ടാക്സി മേഖലയിലുള്ളവരും കൊവിഡ് വാക്സിനേഷൻ എടുത്തിട്ടുണ്ട്.
പുതിയ ബുക്കിംഗില്ല
ഡിസംബർ സീസൺ ബുക്കിംഗ് ആരംഭിക്കുന്ന സമയമായിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു പോലും അന്വേഷണം ഉണ്ടാകാത്തതിനാൽ അടുത്ത സീസണും നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ടൂറിസം മേഖല. ദീപാവലി ,പൂജ അവധി ആഘോഷത്തിന് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്. ഇക്കുറി ദീപാവലി ബുക്കിംഗും ഇല്ല .
' മാസങ്ങളായി ഓട്ടമില്ലാതെ പടുതയിട്ടു മൂടിയ നിലയിൽ ഹൗസ് ബോട്ടുകൾ വെള്ളത്തിൽ കിടന്നു നശിക്കുകയാണ്. മഴയും കാറ്റും അതിജീവിക്കാനാവാതെ വെള്ളത്തിൽ താഴ്ന്ന ഹൗസ് ബോട്ടുകളുമുണ്ട്. ചോർച്ച മാറ്റി അറ്റകുറ്റ പണി നടത്തി ഇറക്കാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഓട്ടമില്ലെങ്കിലും ലൈസൻസ് പുതുക്കുകയും വേണം.
- അനീഷ് കുമരകം, ഹൗസ് ബോട്ട് ഉടമ