മണർകാട് : കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയ സ്ഥലത്തിനു സമീപത്ത് ചൂണ്ടക്കാരെന്ന വ്യാജേന ദിവസങ്ങളോളം കറങ്ങി നടന്ന എക്‌സൈസ് സംഘം വാറ്റുകാരനെ പിടികൂടി. മണർകാട് പറമ്പൂക്കര കോളനിയിൽ പെരുമാൾ രാജനെയാണ് (57) പിടികൂടിയത്. ലോക്ക് ഡൗൺ സമയത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പറമ്പുകര ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പ്രധാന റോഡിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഈ കോളനിയിൽ നിന്നും കേസ് പിടികൂടുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. കോളനിയിലേയ്ക്ക് അപരിചിതരമായ ആരെങ്കിലും കയറിയെത്തിയാൽ അപ്പോൾ തന്നെ പെരുമാളിന്റെ ചാരൻമാർ വിവരം കൈമാറും.

തുടർന്നു എക്‌സൈസ് സംഘം വയലിൽ ചൂണ്ടയിടാനെന്ന വ്യാജേന പാടത്ത് എത്തുകയായിരുന്നു. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽ വേലായുധൻ, കെ.എൻ വിനോദ്, ജെക്‌സി ജോസഫ്, എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം കെ.ഷിജു, പാമ്പാടി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ മനു ചെറിയാൻ, അഖിൽ എസ്.ശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1997 ൽ ഇയാളെ സ്‌പിരിറ്റ് നേർപ്പിച്ച് നിർമ്മിച്ച വ്യാജ ചാരായവുമായി പിടികൂടിയിരുന്നു.