കോട്ടയം: സ്‌പീക്കർ എം.ബി. രാജേഷിന്റെ പി.എ ചമഞ്ഞ് സ്ത്രീകളെ അടക്കം കബളിപ്പിച്ച് പണം തട്ടിയ ആൾ പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെയാണ് (38) തൃശൂർ മണലൂരിലെ ഫ്ളാറ്റിൽ നിന്ന് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കോട്ടയത്ത് ജല അതോറിട്ടിയിൽ ജോലി വാഗ്‌ദാനം ചെയ്ത് 10,000 രൂപ തട്ടിയെടുത്തതായി ഉഴവൂർ സ്വദേശിനി സ്‌പീക്കറെ ഫോണിൽ വിളിച്ച് അറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. 2019ൽ തിരുവനന്തപുരത്തും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായി ചമഞ്ഞ് 30 പേരിൽ നിന്നായി 10,000 രൂപ വീതമാണ് തട്ടിയെടുത്തത്. ജല, ടൂറിസം വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസിൽ റിമാൻഡിലായ പ്രവീൺ ജാമ്യത്തിലിറങ്ങി കോട്ടയം കുമാരനല്ലൂരിലേക്കു താമസം മാറ്റുകയായിരുന്നു.
ഇത്തവണ പണം നഷ്ടമായ ഉഴവൂർ സ്വദേശിനി വിളിച്ചറിയിച്ചതോടെ സ്പീക്കറുടെ ഒാഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്നാണ് തൃശൂരിൽ നിന്ന് പിടികൂടിയത്. കുറച്ചു പണം വീതം പലരിൽ നിന്നായി വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വ്യാജ നിയമന ഉത്തരവ് ഇ മെയിലിലൂടെ അയയ്ക്കും. കൊവിഡായതിനാൽ ഹാജരാകേണ്ടെന്നും ഉത്തരവിലുണ്ടാവും. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്. തട്ടിപ്പിനായി ഇയാൾ വ്യാജരേഖകൾ നിർമ്മിച്ചതായും പൊലീസ് പറഞ്ഞു.