tt

കോട്ടയം: നഗരമദ്ധ്യത്തിൽ ഗുണ്ടാത്തലവൻ അലോട്ടിയുടെ നേതൃത്വത്തിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അലോട്ടിയുടെ ദത്തുപുത്രൻ ആർപ്പൂക്കര വില്ലൂന്നി ചിലമ്പത്ത്‌ശേരി ടുട്ടുവിനെ (റൊണാൾഡോ,18) വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് വിജയൻ അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അലോട്ടിയെ കോട്ടയം ജില്ലാ ജയിലിലേയ്‌ക്കു മാറ്റുന്നതിനിടെയായിരുന്നു ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് അലോട്ടിയെ സംരക്ഷിക്കാൻ എത്തിയ ഗുണ്ടാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് വെസ്റ്റ് എസ്.ഐ റിൻസ് എം.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ജെ സജീവ്, കെ.ആർ ബൈജു, കെ.എം ഷിജിമോൻ, ഗ്രേസ് മത്തായി, സിവിൽ പൊലീസ് ഓഫിസർ ലിബിൻ എന്നിവർ ചേർന്ന് ടുട്ടുവിനെ പിടികൂടിയത്.

അത്യാവശ്യം ജീവിക്കാൻ ചുറ്റുപാടുള്ള ടുട്ടു മെഡിക്കൽ കോളേജ് പ്രദേശത്തെ സാമാന്യം ഭേദപ്പെട്ട സ്ക‌ൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നതിനിടെയാണ് അലോട്ടിയുടെ കൂടെ കൂടിയത്. തുടർന്ന് കഞ്ചാവിനും ലഹരിയ്‌ക്കും അടിമപ്പെട്ടു. ബന്ധുക്കളുടെ പരാതിയിൽ ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി

ടുട്ടുവിനെ പൊലീസ്

കൗൺസിലിംഗിനു വിധേയനാക്കിയെങ്കിലും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. അലോട്ടി ജയിലിലാകുമ്പോഴെല്ലാം കഞ്ചാവ് ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ടുട്ടുവായിരുന്നു. ബംഗളൂരുവിൽ നിന്ന് ആംപ്യൂളുകളും മയക്കുമരുന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കഞ്ചാവും കോട്ടയത്ത് എത്തിച്ചിരുന്നത് ടുട്ടുവായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് പിടികൂടിയാലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാനാവും എന്നതായിരുന്നു അലോട്ടി ടുട്ടുവിനെ നിയോഗിക്കാൻ കാരണം. രണ്ടു മാസം മുൻപ് മാത്രമാണ് ഇയാൾക്ക് പതിനെട്ട് വയസ് പൂർത്തിയായത്. ഇതോടെയാണ് ഇപ്പോൾ അറസ്റ്റിലായത്.