പാലാ : ഒറ്റമഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്ന മറ്റക്കര പന്നഗം തോടിന്റെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ആർ.സുഷീലയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
മറ്റക്കര പടിഞ്ഞാറേ പാലം ചെക്ക്ഡാം, ചുവന്ന പ്ലാവ് ചെക്ക്ഡാം തുടങ്ങിയവ സന്ദർശിച്ച് സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തവണ ജൂൺ ആദ്യവാരം മറ്റക്കരയിൽ വെള്ളപ്പൊക്കമുണ്ടായി. തോടിന്റെ ആഴം കുറഞ്ഞതും ചെക്കുഡാമുകളുടെ ആധിക്യവും അശാസ്ത്രീയ നിർമ്മാണവുമാണ് വെളളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എ ഉമ്മൻചാണ്ടി പടിഞ്ഞാറേ പാലം പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ഇറിഗേഷൻ വകുപ്പിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അകലക്കുന്നം പഞ്ചായത്ത് അംഗങ്ങളായ സീമ പ്രകാശ്, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി എന്നിവരും പ്രദേശവാസികളും അധികൃതരുമായി വെള്ളപ്പൊക്ക പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.

പലകകൾ ഉടൻ മാറ്റും
ചെക്കുഡാമിൽ മാറ്റാതെ കിടക്കുന്ന പലകകൾ ഉടനടി മാറ്റാൻ നടപടി എടുക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. പടിഞ്ഞാറേ പാലത്തിന് സമീപമുള്ള ചെക്ക്ഡാമിലെ അധികമുള്ള പഴയ തൂണുകളും ഉടൻ മാറ്റും.
കൂടാതെ അമിത മണൽ അടിഞ്ഞത് തോടിന്റെ ഒഴുക്കിനേയും ആഴത്തേയും ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.
വെള്ളപ്പൊക്കത്തിനു കാരണമാകുന്ന തടയണകൾ പൊളിച്ചു മാറ്റുകയോ വർഷകാലത്ത് തടസ്സമില്ലാതെ ജലമൊഴുക്ക് സാദ്ധ്യമാകുന്ന രീതിയിൽ പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.