പാലാ : ജനറൽ ആശുപത്രിയിലെ ആധുനിക രോഗനിർണ്ണയ കേന്ദ്രത്തിന്റെ പ്രവർത്തനം എത്രയും വേഗം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ അറിയിച്ചു. ബഹുനില മന്ദിരം പണിതുയർത്തിയിട്ടും ആധുനിക രോഗനിർണ്ണയ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത് സംബന്ധിച്ച് കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലം സന്ദർശിച്ച ചെയർമാൻ സൂപ്രണ്ട് ഡോ.ഷമ്മി രാജനുമായി ചർച്ച നടത്തി.
നടപ്പാത നിർമ്മാണത്തിനായി അടിയന്തിരമായി എസ്റ്റിമേറ്റ് എടുപ്പിച്ചിട്ടുണ്ടെന്നും എട്ടുലക്ഷം രൂപ ചെലവ് വരുമെന്നും ചെയർമാൻ പറഞ്ഞു. ആശുപത്രി വികസനസമിതിയുടെ ഫണ്ടിൽ നടപ്പാത നിർമ്മിക്കുന്നതിനാവശ്യമായ തുക നീക്കിയിരിപ്പുണ്ട്. ഇതിനുള്ള നടപടികളും ഉടൻ പൂർത്തിയാക്കും. നടപ്പാത പൂർത്തിയായാലുടൻ രോഗ നിർണ്ണയ കേന്ദ്രം തുറക്കാൻ കഴിയുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജനും പറഞ്ഞു. ആശുപത്രിയിലെ ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച മന്ത്രി വീണാ ജോർജ് നിർവഹിക്കും.