പൊൻകുന്നം : ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കുപുറത്ത് എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ വൈദ്യുതി വകുപ്പിന്റെകാര്യം. പൊൻകുന്നത്തെ ചെറുപാതകളെല്ലാം ഇരുട്ടിലായിരുന്നു. വഴിവിളക്കുകൾ തെളിയുന്നില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി. അതിപ്പോൾ വിളക്കുകൾ അണയുന്നില്ല എന്നായിമാറി. വഴിവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിക്ക് പരിഹാരമായി വൈദ്യുതിബോർഡിന്റെ നിലാവ് പദ്ധതി പ്രകാരം കത്താത്ത ബൾബുകൾ മാറ്റി ഓരോ തൂണിലും എൽ.ഇ.ഡിബൾബ് ഇട്ടു. വഴിയിൽ ഇരുട്ടുമാറി സൂര്യപ്രകാശംപോലെ വെളിച്ചമായി. ഈ ലൈറ്റുകളാണ് അണയാത്തത്. റോയൽ ബൈപാസ് റോഡിൽ ഒരാഴ്ചയായി ബൾബുകൾ തെളിഞ്ഞുതന്നെ നിൽക്കുന്നു. ചിലതൊക്കെ എന്നെന്നേക്കുമായി അണഞ്ഞു. എത്രനാൾ ഇങ്ങനെ തെളിഞ്ഞുനിൽക്കും എന്നതാണ് നാട്ടുകാരുടെ സംശയം. അധികം വൈകാതെ ലൈറ്റുകൾ ഒന്നോടെ അണയും. അതോടെ വീണ്ടും വഴി ഇരുട്ടിലാകുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.