അടിമാലി: സ്‌കേറ്റിംങ്ങ് ഷൂ വാങ്ങാൻ മൺകുടുക്കയിൽ സൂക്ഷിച്ച തുക തങ്ങളുടെ സ്‌കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സംഭാവന ചെയ്ത് സഹോദരങ്ങൾ. സ്‌കേറ്റിംഗ് ഷൂ സ്വന്തമാക്കണമെന്ന ആഗ്രഹത്തിലായിരുന്നു അടിമാലി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസുകാരി ഫാത്തിമയും സഹോദരൻ ഏഴാംക്ലാസുകാരൻ മുഹമ്മദ് ഹാഫിസും മൺകുടുക്കയിൽ നാണയത്തുട്ടുകൾ സൂക്ഷിച്ച് തുടങ്ങിയത്.ഇരുവരുടെയും സമ്പാദ്യം കൂടി. ഇതിനിടയിൽ കൊവിഡ് ആശങ്കയെത്തി പഠനം ഓൺലൈനിലായി.നിർധന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുവാൻ സ്‌കൂൾ അധികൃതർ സ്മാർട്ട് ഫോൺ ചലഞ്ചിന് രൂപം നൽകിയതോടെ സ്‌കേറ്റിംഗ് ഷൂവെന്ന ആഗ്രഹം തൽക്കാലം മാറ്റി വച്ച് കൊച്ചു സമ്പാദ്യം ഫോൺ ചലഞ്ചിലേക്ക് സംഭാവന ചെയ്യാൻ ഫാത്തിമയും മുഹമ്മദ് ഹാഫിസും തീരുമാനിച്ചു.ഇരുവരും മൺകുടുക്കയുമായി സ്‌കൂളിലെത്തി പതിനായിരത്തോളം വരുന്ന തുക സ്‌കൂൾ അധികൃതർക്ക് കൈമാറി.