കുറവിലങ്ങാട് : പഞ്ചായത്തിൽ കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം ചേർന്നു. പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ടൗണിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് തീരുമാനിച്ചു. അനൗൺസ്‌മെന്റ് നടത്തുന്നതിനും വഴിയോരകച്ചവടം നിറുത്തലാക്കുന്നതിനും, ട്രാഫിക് നിയന്ത്രണം കൂടുതൽ ഏർപ്പെടുത്തുന്നതിനും നടപടികൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. പൊതുജനങ്ങൾ സ്വമേധയാനിയന്ത്രണങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി അനന്തര നടപടികൾ കൈക്കൊള്ളുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.