കുമരകം : വേമ്പനാട്ട് കായൽ തീരത്ത് ദിശയറിയാൻ സിഗ്നൽ ലൈറ്റ് ഇല്ലാത്തത് രാത്രികാല യാത്ര ദുഷ്ക്കരമാക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും കുമരകം - മുഹമ്മ ജലഗതാഗതവകുപ്പിന്റെ ബോട്ടുകൾക്കും ദിശതെറ്റുന്നത് പതിവാണ്. കുമരകം ജെട്ടിയിൽ സ്ഥിതി ചെയ്യുന്ന വിളക്കുമരം വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. വിളക്കുമരം പ്രവർത്തനം മുടക്കിയതോടെ വളരെ നാളുകളായി കായൽ യാത്രക്കാർക്ക് രാത്രികാലങ്ങളിൽ ദിശയറിയാൻ സഹായമായിരുന്ന കായൽ തീരത്തെ കുരിശുംതൊട്ടിയിലെ ലൈറ്റും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തരഹിതമായി. ബോട്ട് ചാലുകൾ തിരിച്ചറിയാനായി സ്ഥാപിച്ചിരുന്ന സിഗ്നൽ ബോയകളും ഇപ്പോൾ കാണാനില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിതിയുടെ കാലത്ത് വിളക്കുമരത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. തുടർന്ന് ബാറ്ററിയും മറ്റു അനുബന്ധ ഉപകരണങ്ങളും കാണാതായി. അടിയന്തരമായി വിളക്കുമരത്തിലെ ലൈറ്റ് തെളിയിക്കണമെന്നാണ് കായൽ യാത്രക്കാരുടെ ആവശ്യം .