കുമരകം : പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട് നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇതോടെ കുമരകം പൊങ്ങലക്കരിയിലെ 17 കുടുംബങ്ങളാണ് പണിപൂർത്തിയാകാത്തതും വാസയോഗ്യമല്ലാത്തതും ആയ വീടുകളിൽ ഇപ്പോൾ കഴിയുന്നത്. സംസ്ഥാനത്ത് ഭവനരഹിതർക്ക് വീടുകൾവച്ച് നൽകുന്നതിന്റെ ഭാഗമായി കുമരകത്ത് 25 വീടുകൾ നിർമ്മിക്കുകയായിരുന്നു റോട്ടറി ക്ലബിന്റെ പദ്ധതി. ഇതിൽ 19 വീടുകളും വർഷത്തിൽ എട്ട് മാസവും വെള്ളപ്പാെക്ക കെടുതി അനുഭവിക്കുന്ന പൊങ്ങലക്കരിയിലായിരുന്നു. 2019 ഒക്ടോബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇതുവരെ രണ്ട് വീടുകൾ മാത്രമാണ് റോട്ടറി ക്ലബ് നിയോഗിച്ച കോൺട്രാക്ടർ പൂർത്തീകരിച്ചത്. ബാക്കിയുള്ള വീടുകളിൽ പലതും മേൽക്കൂര പോലും പൂർത്തിയാകാത്ത സ്ഥിതിയിലാണ്.
പഴയ വീടുകൾ പൊളിച്ചുമാറ്റി, ഇനിയെന്ത്
വെള്ളം കയറാത്ത പുതിയ വീട് സ്വപ്നം കണ്ട് പഴയ വീടുകൾ പൊളിച്ചു മാറ്റി ഷെഡിൽ കഴിയുന്ന കുടുംബങ്ങളുടെ ജീവിതം ഇതോടെ ദുരിത പൂർണ്ണമായി. കരാർ പ്രകാരമുള്ള തുകയിൽ തൊണ്ണൂറ് ശതമാനവും കോൺട്രാക്ടർക്ക് നൽകിയെന്ന് റോട്ടറി ക്ലബ് അധികൃതർ അറിയിച്ചു. ഒാരോ വീടും അഞ്ച് ലക്ഷം രൂപക്ക് പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺട്രാക്ടർ പിന്മാറിയത്. ഇതോടെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനാണ് വീട്ടുകാരുടെ തീരുമാനം. പൂത്തിയാകാത്ത വീടുകളിൽ ഒന്നിലെ ഉപഭോക്താവ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫിന്റെ നേതൃത്വത്തിലാണ് സമര പരിപാടികൾ സംഘടപ്പിക്കുന്നത്.