പാലാ: യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ കരൂരിലെ തറവാട്ട് വീട്ടിൽ അതിക്രമിച്ചു കടന്ന ഛത്തീസ്ഗഡ് സ്വദേശിയെ പൊലീസ് പിടികൂടി. മേലമ്പാറയിൽ ഒരു കെട്ടിടത്തിൽ താമസിക്കുന്ന ഇയാൾ ഗുജ്ജർ എന്നാണ് പൊലീസിനോടു വെളിപ്പെടുത്തിയ പേര്. 30 വയസ് തോന്നിക്കും. തിരിച്ചറിയൽ രേഖകൾ ഒന്നും പക്കലില്ല.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. സജി മഞ്ഞക്കടമ്പിലിന്റെ തറവാട്ടു വീട്ടിൽ അപ്പോൾ സഹോദരന്റെ ഭാര്യയും ഒരു വേലക്കാരിയും മാത്രമാണുണ്ടായിരുന്നത്. വീടിന്റെ അടുക്കളയിലേക്ക് അന്യസംസ്ഥാന തൊഴിലാളി പാഞ്ഞു കയറുകയായിരുന്നു. ഇതു കണ്ട് വേലക്കാരി നിലവിളിച്ചു. ശബ്ദം കേട്ട് സജിയുടെ സഹോദര ഭാര്യയും പറമ്പിൽ പണിയെടുത്തിരുന്ന തൊഴിലാളികളും ഓടി എത്തിയപ്പോൾ അന്യസംസ്ഥാനക്കാരൻ വീടിന്റെ വിറകുപുരയിലൊളിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാലായിലുണ്ടായിരുന്ന സജി, പാലാ പൊലീസിൽ വിവരമറിയിച്ച ശേഷം തറവാട്ടു വീട്ടിലെത്തി. ഇതിനിടെ പരിസരവാസികൾ ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചു. പാലാ പൊലീസും സ്ഥലത്തെത്തി. താമസ സ്ഥലത്തെക്കുറിച്ച് ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചത് പൊലീസിനെയും നാട്ടുകാരെയും കുഴക്കി.
ഇതിനിടെ ഇയാൾക്കൊരു ഫോൺ കോൾ വന്നു. ഹിന്ദി അറിയാവുന്ന നാട്ടുകാരനായ ഒരാൾ ഫോൺ അറ്റൻഡ് ചെയ്തതോടെയാണ് മേലമ്പാറയിലെ ഒരു കെട്ടിടത്തിലാണ് ഇയാളുടെ താമസമെന്ന് മനസ്സിലായത്. അവിടെ നിന്ന് കിലോമീറ്ററുകൾ താണ്ടി എന്തിന് കരൂരിൽ വന്നു എന്നത് ദുരൂഹമാണ്. യാതൊരു രേഖയുമില്ലാതെയാണ് കെട്ടിടം ഉടമ അന്യസംസ്ഥാന തൊഴിലാളിയെ ഇവിടെ താമസിപ്പിച്ചിരുന്നതെന്ന് ആരോപണമുണ്ട്. പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വിശദമായ അന്വേഷണത്തിനായി ഈരാറ്റുപേട്ട പൊലീസിനു കൈമാറി. ഉത്തരേന്ത്യക്കാരിയായ ഒരു സ്ത്രീയൊടൊപ്പമാണ് ഇയാൾ ഇവിടെ കഴിഞ്ഞിരുന്നതെന്ന് മേലമ്പാറയിലെ നാട്ടുകാർ പറയുന്നു.
രാവിലെ മദ്യപിക്കാൻ രൂപ ചോദിച്ചുവെന്നും കൊടുക്കാതെ വന്നപ്പോൾ ദേഷ്യപ്പെട്ട് പുറത്തേക്കു പോവുകയായിരുന്നൂവെന്നുമാണ് ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.