പ്രതികൾ റിമാൻഡിൽ
കട്ടപ്പന: കട്ടപ്പനയിൽ വനപാലകർ പിടികൂടിയ ആനക്കൊമ്പുകൾ വിദേശത്തുനിന്നും കൊണ്ടുവന്നതാണെന്ന് പ്രതികളിലൊരാളുടെ മൊഴി. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കൂട്ടുപ്രതികൾക്ക് വിറ്റതാണെന്നും ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ65) അന്വേഷണത്തിന് സംഘത്തോട് പറഞ്ഞു. സ്‌കറിയയ്‌ക്കൊപ്പം കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു സാമുവൽ(35), ഇയാളുടെ ഡ്രൈവർ തിരുവല്ല മുത്തൂർ പൊന്നാക്കുഴിയിൽ പ്രശാന്ത് പി എസ്(34) എന്നിവരെയാണ് വനം വകുപ്പ് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആനക്കൊമ്പുകൾ വർഷങ്ങൾക്ക് മുമ്പ് സഹോദരൻ സിങ്കപ്പൂരിൽ നിന്നു ഉപഹാരമായി നൽകിയതാണെന്ന് സ്‌കറിയ മൊഴി നൽകി. ഇതിന്റെ രേഖകൾ സഹോദരന്റെ പക്കലുണ്ടായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് സഹോദരൻ മരിച്ചു. പിന്നീട് 25,000 രൂപയ്ക്ക് ആനക്കൊമ്പുകൾ സജിക്ക് വിറ്റതായും തായും സ്‌കറിയയുടെ മൊഴിയിൽ പറയുന്നു. എന്നാൽ അന്വേഷണ സംഘം ഇതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല. അയ്യപ്പൻകോവിൽ റേഞ്ചിലെ ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിനാണ്, സജിയുടെ കൈവശം ആനക്കൊമ്പുകൾ ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് വനം വകുപ്പ് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് കൊമ്പുകൾ വാങ്ങാൻ എന്ന പേരിൽ ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് 8 ലക്ഷം രൂപയ്ക്ക് കൊമ്പുകൾ വിൽക്കാൻ ധാരണയായി. തിങ്കളാഴ്ച രാവിലെ മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർ, 2 സ്‌കൂട്ടറുകളിലായി എത്തിയ സജി, പ്രശാന്ത്, സാബു എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്‌കറിയുടെ പക്കൽ നിന്നാണ് സജി വാങ്ങിയതെന്ന വിവരം ലഭിച്ചത്. തുടർന്ന് ഉപ്പുതറയിലെ വീട്ടിൽ നിന്നു സ്‌കറിയയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.