ആയിരം പേർ രക്തം ദാനം ചെയ്യും
കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മഹാ രക്തദാന കാമ്പയിൻ നടത്തും. യൂണിയന് കീഴിലെ 38 ശാഖകളിലെ ആയിരം യുവാക്കൾ വിവിധ ഘട്ടങ്ങളിലായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തദാനം നടത്തുമെന്ന് പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി ദിലീപ്കുമാർ എന്നിവർ അറിയിച്ചു.
രാജ്യത്ത് സമ്പൂർണ വാക്‌സിനേഷൻ ആരംഭിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ രക്തത്തിന് കുറവുണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്താണ് യൂത്ത് മൂവ്‌മെന്റ് കാമ്പയിൻ ആരംഭിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് പരമാവധി യുവാക്കൾ രക്തദാനം നടത്തും.
ആദ്യഘട്ടത്തിൽ യൂത്ത് മൂവ്‌മെന്റ്, സൈബർ സേന, എസ്.എൻ. ക്ലബ് യൂണിയൻ ഭാരവാഹികൾ രക്തദാനം നടത്തും. തുടർന്ന് മാസത്തിൽ 2 തവണയായി വിവിധ ശാഖാ യോഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കാമ്പയിനിൽ പങ്കെടുക്കും. ലോക്ക് ഡൗൺ കാലത്ത് വിവിധ ശാഖകളുടെ പരിധിയിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു.