കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പൊന്നരത്താൻ പരപ്പിൽ കാട്ടുപോത്ത് ഇറങ്ങി. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പഴയ പാറേൽപള്ളിക്കു സമീപം താമസിക്കുന്ന വീട്ടുകാർ പോത്തിനെ കണ്ടത്. വീടിന്റെ പുറത്തെ ലൈറ്റിട്ടതോടെ കാട്ടുപോത്ത് അയൽപക്കത്തെ പുരയിടത്തിലേക്ക് പോയി. വിവരമറിഞ്ഞ അയൽ വീട്ടുകാരും കാട്ടുപോത്തിനെ കണ്ടെങ്കിലും ഭയന്ന് ആരും പുറത്തിറങ്ങിയില്ല. മുരിക്കാട്ടുകൂടി സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച കാഞ്ചിയാർ പഞ്ചായത്തിലെ വെള്ളിലാംകണ്ടത്ത് എത്തിയ കാട്ടുപോത്താണോ പരപ്പിലും എത്തിയതെന്ന് സംശയമുണ്ട്. സെക്ഷൻ ഫോറസ്റ്റർ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റർമാരായ ബി. സുരേഷ്, പി.ജി. അനീഷ്, വാച്ചർ അജി മാധവൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.