അടിമാലി: മഴക്കാലം കന്നുകാലികൾക്കും രോഗകാലമായതിനാൽ ഇവയുടെ പരിചരണത്തിൽ കൂടുതൽ ശ്രദ്ധ വേണം. മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ രോഗങ്ങൾ പടരുമോ എന്ന ആശങ്കയ്‌ക്കൊപ്പം ജില്ലയുടെ പല ഭാഗങ്ങളിലും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ലഭിക്കാതെകൂടിയായതോടെ കർഷകർ ആശങ്കയിലാണ്. കന്നുകാലികൾക്ക് അകിടുവീക്കം, എലിപ്പനി, മുടന്തൻ പനി ,വയറിളക്കം തുടങ്ങി പല രോഗങ്ങളും പിടിപെടാനുള്ള സാദ്ധ്യത മഴക്കാലത്ത് കൂടുതലാണ്. സംസ്ഥാനത്ത് പാലുൽപാദനത്തിൽ മൂന്നാം സ്ഥാനമാണ് ജില്ലക്കുളളത്. പ്രതിദിനം ഒന്നര ലക്ഷം ലിറ്ററിന് മുകളിൽ പാലാണ് ഉല്പാദിപ്പിക്കുത്.218 ക്ഷീര സംഘങ്ങളിൽ 198 സംഘങ്ങൾ മാത്രമാണ് പ്രവർത്തിക്കുത്.12000 കർഷകർ ഈ മേഖലയുമായി ബന്ധപ്പെട്ട് ജില്ലയിൽ പാൽ വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നു.കന്നുകാലി സെൻസസ് പ്രകാരം ജീല്ലയിൽ പശു വർഗ്ഗത്തിൽ 90074, എരുമ വർഗ്ഗത്തിൽ 5690 എന്നാണ്കണക്ക്.ജില്ലയിലെ 53 പഞ്ചായത്തുകളിലായി ജില്ലാ ആശുപത്രിക്ക് പുറമെ 4 പോളി ക്ലീനിക്കുകളും 12 ഹോസ്പിറ്റലുകളും 49 ക്ലിനിക്കുകളും 3 മൊബൈൽ യൂണിറ്റുകളും ഒരു പൗൾട്ടി ഫാമും പ്രവർത്തിക്കുന്നു.ഇതിൽ ശാന്തൻപാറ,സൂര്യനെല്ലി എന്നിവിടങ്ങളിൽ മൃഗഡോക്ടർമാരുടെ സേവനം ലഭ്യമല്ല. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ആശുപത്രികളിൽ രാത്രി കാല പ്രവർത്തനം പേരിന് ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ്.അസുഖം വരുന്ന കന്നുകാലികളെ പരിചരിക്കാൻ വീടുകളിൽ ഡോക്ടർമ്മാർ എത്തണമെങ്കിൽ വാഹനം നിർബന്ധമാണെന്ന പിടിവാശിയുംപല ഡോക്ടർമ്മാർ ക്കുമുണ്ട്.ഇതോടെ പലരും ഡോക്ടർമ്മാരുടെ സേവനം ഉപേക്ഷിക്കുകയും വിരമിച്ചതും അല്ലാത്തതുമായ മറ്റ് ജീവനക്കാരുടെ സേവനം തേടിയുമാണ് ക്ഷീര കർഷകർ മൃഗപരിപാലനം നടത്തുത്.രാവിലെ 8 മുതൽ മൃഗാശുപത്രികൾ തുറക്കണമൊണ് ചട്ടം എന്നാൽ ജില്ലയിലെ ഭൂരിഭാഗം മൃഗാശുപത്രികളും പ്രവർത്തിക്കുത് രാവിലെ 10 മുതലാണ്.ഞായറാഴ്ചകളിൽ മൃഗാശുപത്രികളിൽ 90 ശതമാനവും അടഞ്ഞ് കിടക്കുകയും ചെയ്യുന്നു.മൃഗചികിത്സക്ക് ആവശ്യമായ മരുന്നുകൾ സർക്കാർ സൗജന്യമായി നൽകുന്നുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം അന്യമാണ്.

കാലികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ

അകിടുവീക്കം : അകിടിനു നീർക്കെട്ട് അഥവാ കല്ലിപ്പ്, കറന്നെടുക്കുന്ന പാൽ മഞ്ഞ കലർന്ന വെള്ളം പോലെയോ തൈരു പോലെയോ കാണപ്പെടുക, വേദന, കടുത്ത പനി, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വൃത്തിഹീനമായ തൊഴുത്ത്, പരിസര മലിനീകരണം, വ്യക്തിശുചിത്വം പാലിക്കാതെ കറക്കുക എന്നിവയെല്ലാം അസുഖം പിടിപെടാൻ കാരണമാകും.

മുടന്തൻ പനി: കാലികളെ ബാധിക്കുന്ന കൊതുകുജന്യരോഗമായ എഫിമെറൽ ഫീവർ എന്നുവിളിക്കുന്ന മുടന്തൻപനി കർഷകർക്കു കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന മറ്റൊരു രോഗമാണ്. സാധാരണഗതിയിൽ മൂന്നുമുതൽ അഞ്ചുദിവസങ്ങൾക്കകം താനെ ലക്ഷണങ്ങൾ കെട്ടടങ്ങുമെങ്കിലും ചില സന്ദർഭങ്ങളിൽ രോഗം മാരകമായേക്കാം. വട്ടൻ അല്ലെങ്കിൽ പട്ടുണ്ണി കടിക്കുന്നതു മൂലം തൈലേറിയയും ബബീസിയോസിസും രോഗങ്ങൾ പിടിപെടാം.

കടുത്ത പനി, ഗ്രന്ഥികളിൽ വീക്കം, വിളർച്ച, വയറിളക്കം, മൂത്രത്തിനു കടും നിറം എന്നിവയാണു ലക്ഷണങ്ങൾ. ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ വട്ടൻ പോലുള്ള കീടങ്ങളുടെ പ്രത്യുൽപാദന ശേഷി വർധിക്കും.
എലിപ്പനി: കെട്ടിക്കിടക്കുന്ന മലിനജലവും നനവുള്ള അന്തരീക്ഷവും നിലനിൽക്കുന്നതിനാൽ എലിപ്പനിക്കുള്ള സാധ്യതയും കൂടുതലാണ്. പനി, അകിടുവീക്കം, പാലിനു ചുവന്ന നിറം, ഗർഭമലസൽ എന്നിവയാണു ലക്ഷണങ്ങൾ.

ഫുട്ട്‌റോട്ട് : മഴക്കാലത്ത് കൂടുതൽ സമയം ചെളിയുമായി സമ്പർക്കം വരുന്നതു മൂലം ഉണ്ടാകുന്ന 'കുളമ്പു ചീയുന്ന' അവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയുണ്ടായി നടക്കാൻ ബുദ്ധിമുട്ട്, തീറ്റയെടുക്കാൻ മടി, പനി തുടങ്ങിയവ ഉണ്ടാകാം.
വയറു കമ്പനം : നിയന്ത്രണമില്ലാതെ ധാരാളം ഇളം പച്ചപ്പുല്ല് കഴിക്കാനിട വന്നാൽ അതിലെ പശിമയും ജലാംശവും കാരണം കാലികൾക്കു വയറു കമ്പനവും വയറിളക്കവും പിടിപെടാം. മിച്ചം വരുന്നതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ കൂടുതലായി നൽകിയാലും ചക്ക,പൈനാപ്പിൾ, പച്ചക്കറി മാലിന്യങ്ങൾ എന്നിവ പരിധിയിൽ കൂടുതൽ നൽകിയാലും ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകും.