മുണ്ടക്കയം : കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറ പാറമടയ്ക്ക് കൊല്ലിപറമ്പിൽ സോഫിയ സുബിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആയിരുന്നു സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. പ്രായമായ അമ്മയും ഏക മകളുമാണ് ഈ വീട്ടിൽ കഴിയുന്നത്. മഴ ശക്തമായാൽ മണ്ണ് ഇടിഞ്ഞു തുടങ്ങും. ഓരോ ദിവസവും പേടിയോടെയാണ് ഇവർ അന്തിയുറങ്ങുന്നത്. മഴ പെയ്തു തുടങ്ങിയാൽ അടുത്ത വീടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്ത്, വില്ലേജ് അധികൃതർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. കാലിനു പരിക്കേറ്റ സോഫിയക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല.