ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതി ഗോപകുമാറിന് തുണയായി. ഒരു വശം തളർന്നുപോയ കിഡ്‌നി രോഗബാധിതനും ഭവനരഹിതനുമായ കിഴക്കേപ്പറമ്പിൽ പി.ജി.ഗോപകുമാറിനും കുടുംബത്തിനുമാണ് കാനം 357-ാം നമ്പർ ശാഖയിലെ ഗുരുകാരുണ്യം പദ്ധതി തുണയായത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന ഗോപകുമാറിന്റെ ജീവിതത്തിന്റെ താളം തെറ്റിയത് ഒരു വർഷം മുൻപാണ്. മറ്റുള്ളവരുടെ സഹായത്താലും കാരുണ്യത്തിലുമാണ് കുടുംബം കഴിഞ്ഞിരുന്നത്. ചികിത്സാ ചെലവും വാടകയും കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് വാഴൂർ ശാഖാ അംഗവും തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകനുമായ വാഴൂർ തേക്കിലക്കാട്ടിൽ ടി. ഡി.വിജയൻ സഹായഹസ്തവുമായി എത്തുന്നത്. വിവരം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടുമായി സംസാരിക്കുകയും സഹായസന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ഗോപകുമാറിന്റെ വീടിന്റെ മാസ വാടക 7000 രൂപ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് വിജയൻ ഏറ്റെടുത്തു. വിജയൻ കാണിച്ച മാതൃക മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും വിവിധ ശാഖകളിൽ ഇതുപോലെ കഴിയുന്നവർക്ക് ആശ്വാസമാകുമെന്നും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി. എസ്.പ്രസാദ്, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി എം.ആർ.രാജു, യൂണിൻ കമ്മറ്റി പി.കെ.സോമൻ, ബിബിൻ ദാസ് മാഗ്‌നം എന്നിവർ നേതൃത്വം നൽകി.