pacha

കോട്ടയം: ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിലും ഹരിത വഴിയില്‍തന്നെയാണ് അനുപമയുടെ യാത്ര. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ സമ്പത്തുമായി ജനപ്രതിനിധിയായ പി.ആര്‍ അനുപമയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 64 ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ ഒരുങ്ങുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, തീക്കോയി, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മുപ്പതോളം ഇനം വൃക്ഷങ്ങളുടെ തൈകൾ നട്ടു വളർത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്നു രാവിലെ 10.30ന് തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന മന്ത്രി എം.വി ഗോവിന്ദന്‍ ഓൺലൈനില്‍ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുണ്ടക്കയം ദേവയാനം ശ്മശാനത്തില്‍ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും.