blk

ചങ്ങനാശേരി : ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ചങ്ങനാശേരിയിലെ ഗതാഗതക്കുരുക്കും മുറുകുകയാണ്. കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടനിര കിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും വിയർക്കുന്നു. അഴിയാക്കുരുക്കിൽപ്പെട്ട് 500 മീറ്ററിൽ താഴെമാത്രം ദൂരമുള്ള ടൗൺ കടക്കാൻ 45 മിനിട്ടുമുതൽ ഒരുമണിക്കൂർവരെ കാത്തുകിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. എം.സി റോഡിൽ സെൻട്രൽ ജംഗ്ഷൻ, വാഴൂർ റോഡ്, പെരുന്ന, കെ.എസ്.ആർ.ടി.സി തുടങ്ങിയ പ്രധാന ഇടങ്ങളിലും ഇടറോഡുകളിലും വലിയ കുരുക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വലുതും ചെറുതുമായ വാഹനങ്ങൾക്കിടയിലൂടെ കടന്നു പോകാൻ കാൽനടയാത്രക്കാരും വലഞ്ഞു. അനധികൃത പാർക്കിംഗും വാഹനങ്ങളുടെ പെരുപ്പവുമാണ് കുരുക്കിനിടയാക്കുന്നത്. ഇടറോഡിലേയ്ക്ക് വാഹനങ്ങൾ തിരിയുമ്പോഴുണ്ടാകുന്ന തിരക്കും മറ്റ് വാഹനങ്ങളുടെ നിര തെറ്റിച്ചുള്ള വരവും കൂടിയാകുമ്പോൾ പൂർണമാകും. കുരുക്കിനിടയിൽ തിക്കി തിരുകിയെത്തുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലുള്ളത്. കടന്നു പോകുന്നതിനായി തിരക്ക് കൂട്ടുന്നത് അപകടത്തിനും ഇടയാക്കുന്നു. നഗരത്തിലെ കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.