crime

കോട്ടയം: ചന്തക്കടവിൽ വടശേരി ലോഡ്ജിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിനു പിന്നിൽ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള തർക്കമെന്നു സൂചന. വെട്ടേറ്റ യുവാക്കൾ പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല. വെട്ടിയത് ആരാണെന്നറിയില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ, വീട് കേന്ദ്രീകരിച്ച് പെൺവാണിഭവും അശ്ലീല വീഡിയോ നിർമ്മാണവും ഹണിട്രാപ്പും നടന്നിരുന്നതായാണ് പൊലീസ് സംശയം. ഈ സാഹചര്യത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവരെ പതിനാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിനിയും കഷ്ടിച്ച് രക്ഷപ്പെട്ടു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചെത്തിയ അക്രമികൾ മുറിയ്ക്കുള്ളിൽ കയറി വെട്ടുകയായിരുന്നുവെന്നാണ് മൊഴി. തങ്ങൾക്ക് ആരുമായും പ്രശ്‌നങ്ങളില്ലെന്നും, പ്ലമ്പിംഗ്, വയറിംഗ് ജോലികൾ ചെയ്‌തു ജീവിക്കുകയാണ് തങ്ങളെന്നുമാണ് പ്രതികൾ പറയുന്നത്. തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പൊൻകുന്നം സ്വദേശിനി ജ്യോതി ഭക്ഷണം വയ്‌ക്കുന്നതിനായി എത്തിയതാണെന്നും ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.

എന്നാൽ, ഇവരുടെ നീക്കങ്ങളെല്ലാം ദുരൂഹമാണെന്നും മൊഴികൾ തെറ്റാണെന്നുമാണ് പൊലീസിന്റെ നിലപാട്. ജ്യോതി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നിട്ടുണ്ട്. ഇവരുടെ ഫോണിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റുമാരും എക്സ‌്‌ട്രാ നടിമാരും അടക്കം നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെത്തി.

ഹണിട്രാപ്പിന്റെ പ്രതികാരം

സംഭവം ഹണിട്രാപ്പിന്റെ പ്രതികാരമെന്നാണ് സൂചന. വടശേരി ലോഡ്ജിൽ പെൺവാണിഭ കേന്ദ്രം നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുറിയ്‌ക്കു പുറകിൽ നിന്ന് ചാക്ക് കണക്കിന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തിരുന്നു. ഒരു മുറിയിൽ കാമറയും ട്രൈപ്പോഡും വച്ചിരുന്നു. ഇവിടെയെത്തുന്ന ഇടപാടുകാരെ ഹണിട്രാപ്പിൽ കുടുക്കിയിരുന്നതായാണ് കണക്കുകൂട്ടൽ. ഇവർ ആരെങ്കിലും ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തിരിച്ചടിച്ചതാവാമെന്നാണ് സംശയം.

പെൺ വാണിഭം വ്യാപകം

തലയോലപ്പറമ്പ് സ്വദേശിയുടെ പേരിലാണ് വടശേരിൽ ലോഡ്ജിനു പിന്നിലെ കെട്ടിടം വാടകയ്‌ക്ക് എടുത്തിരുന്നത്. ഈ കെട്ടിടം കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടന്നിരുന്നത്. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഈ വാണിഭ സംഘം മുറികളും വീടുകളും വാടകയ്‌ക്ക് എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു മാസം കൂടുമ്പോൾ വീടുകൾ മാറിമാറിയാണ് വാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.