വാഴൂർ : വീടില്ലാത്ത കുട്ടികൾക്ക് വീടൊരുക്കുക എന്ന കെ.എസ്.ടി.എയുടെ പദ്ധതിയുടെ ഭാഗമായി ബ്ലസനും ബ്ലസിക്കും വീടൊരുങ്ങും. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന തീരുമാനമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ സഹോദരങ്ങളായ ഇരുവർക്കും വീട് ലഭിക്കുക. വാഴൂർ ശാസ്താംകാവ് തഴയ്ക്കവയലിൽ ടി. ജി. ശശിയുടെയും രമ്യയുടെയും മക്കളാണ് ബ്ലസനും ബ്ലസിയും. നാല് സെന്റ് സ്ഥലത്ത് പടുത ഉപയോഗിച്ച് നിർമ്മിച്ച ഷെഡിലാണ് ഒരു വർഷമായി ഈ കുടുംബം കഴിയുന്നത്. ചെന്നാക്കുന്ന് സി.എം.യു.പി സ്‌കൂളിൽ ഏഴ്,അഞ്ച് ക്ലാസുകളിലാണ് ഇരുവരും പഠിക്കുന്നത്. 600 ചതുരശ്ര അടിയിൽ രണ്ട് മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും അടക്കമുള്ളതാണ് വീട്. ഒരു ജില്ലയിൽ ഒന്ന് എന്ന നിലയിൽ 14 വീടുകളാണ് കെ.എസ്.ടി.എ നിർമ്മിച്ച് നൽകുന്നത്. നവംബർ ഒന്നിന് 14 വീടുകളുടെയും താക്കോൽ കൈമാറാനാണ് തീരുമാനം. വീടിന്റെ തറക്കല്ലിടീൽ സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ നിർവഹിച്ചു. വി.ജി.ലാൽ, അഡ്വ.ബെജു കെ. ചെറിയാൻ, കെ.വി.അനീഷ് ലാൽ, ബി.ശ്രീകുമാർ, വി. കെ.ഷിബു, കെ.ജെ.പ്രസാദ്, കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.