കുമരകം : തിരക്കേറിയ കുമരകം റോഡിന്റെ ദുരവസ്ഥയിൽ ഇന്നലെ ഒരു ജീവൻ കൂടി പാെലിഞ്ഞു. കുമരകം റോഡ് വികസനം ഇല്ലിക്കൽ എത്തി ബ്രേക്കിട്ടിട്ട് വർഷങ്ങളായി. ഇല്ലിക്കൽ മുതൽ ജെട്ടി പാലം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതി കൂട്ടാൻ സ്ഥാപിച്ച അതിരു കല്ലുകൾ നോക്കുകുത്തികളായി നിൽക്കുന്നതല്ലാതെ മറ്റു നടപടികളൊന്നുമില്ല. കുമരകം ചന്ത ഭാഗത്തെ വീതിയില്ലാത്ത റോഡിലുണ്ടായ അപകടങ്ങളിൽ നിരവധിപ്പേരുടെ ജീവനാണ് പൊലിഞ്ഞത്. റോഡിന്റെ വടക്കുവശം തോടായതിനാൽ കാൽനടയാത്ര അപകടം നിറഞ്ഞതാണ്. തെക്കുവശത്ത് റോഡിനോട് ചേർന്ന് കടകൾ സ്ഥിതി ചെയ്യുന്നതും വഴിയാത്ര ദുഷക്കരമാക്കുന്നു. ഇന്നലെ ബസിനടിയിൽപ്പെട്ട് പുതുപറമ്പ് ഓളിയിൽ സ്കറിയ (80) മരിക്കാൻ ഇടയാക്കിയതും സ്ഥലപരിമിതിയാണ്. റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. കോണത്താറ്റ് പാലത്തിന്റെ പുനർ നിർമ്മാണത്തോടൊപ്പം ചന്തക്കവല ഭാഗത്തും റോഡിന്റെ വീതി കൂട്ടി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.