ന്യൂഡൽഹി: ബാങ്ക് വായ്‌പാ കേസിൽ ഇന്ത്യയിൽ നിന്നും മുങ്ങി ഡൊമിനിക്കയിൽ പിടിയിലായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ തിരിച്ചയക്കണമെന്ന് കോടതിയിൽ ഡൊമിനിക്കൻ സർക്കാർ. ചോക്‌സിയെ കാണുന്നില്ലെന്ന് കാട്ടി അഭിഭാഷകൻ ഫയൽ ചെയ്‌ത ഹേബിയസ് കോർപസ് ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീംകോടതിയിൽ ഡൊമിനിക്കൻ സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടി രൂപ വായ്‌പയെടുത്ത് മുങ്ങിയയാളാണ് ചോക്‌സിയെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ചു എന്ന കേസിലും ചോക്‌സിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഈ കേസിൽ ചോക്‌സിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ചികിത്സയ്‌ക്കായി ചോക്‌സിയെ ആശുപത്രിയിലേക്ക് മാറ്റി.
സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നാണ് ചോക്‌സി 14000 കോടി വായ്‌പയെടുത്തത്. തുടർന്ന് ഇന്ത്യ വിട്ട് ആന്റിഗ്വയിലെത്തിയ ഇയാൾ ഇവിടുത്തെ പൗരത്വവും സമ്പാദിച്ചു. തുടർന്ന് ഇയാൾ രാജ്യത്ത് നിന്നും കടന്ന് അടുത്തുളള രാജ്യമായ ഡൊമിനിക്കയിലെത്തി. ഇവിടെ വച്ച് പിടിയിലാകുകയായിരുന്നു. എന്നാൽ ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ട് പോരുകയായിരുന്നുവെന്ന് ഇയാളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ കേന്ദ്ര സർക്കാർ ഊർജിതമായ നീക്കമാണ് നടത്തുന്നത്. ഇതിനായി എട്ടംഗ സംഘം ഡൊമിനിക്കയിൽ എത്തി. സിബിഐ, എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും സിആർപിഎഫ് കമാന്റർമാരുമാണ് സംഘത്തിലുളളത്. ഖത്തറിൽ നിന്ന് ചെറുവിമാനം വാടകയ്‌ക്കെടുത്ത് അതീവരഹസ്യമായാണ് സംഘം ഇവിടെയെത്തിയത്.