
മഹാബലി സത്യസന്ധനും ദയാശീലനും സർവോപരി തികഞ്ഞ ഒരു വിഷ്ണുഭക്തനുമായിരുന്നു. ആയതിനാൽ മഹാബലിയെ വധിക്കാൻ വിഷ്ണുവിന് കഴിയാതെയായി, ഏതെങ്കിലുമൊരു ചതിയിൽ കൂടി തത്ക്കാലം ബലിയുടെ ഭരണം അവസാനിപ്പിച്ചാൽമാത്രം മതിയാകും എന്ന നിഗമനത്തിലെത്തിയാണ് വിഷ്ണു വടുരൂപം സ്വീകരിക്കാനിടയായത്.
ശക്തിമാനും നീതിമാനും ആയിരുന്ന ബലി ധാരാളം യാഗങ്ങളും യജ്ഞങ്ങളും ചെയ്ത് ആവശ്യത്തിലധികം പുണ്യം നേടിയിരുന്നു. വാഗ്ദാനലംഘനം ബലിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടേയില്ല. വടു അവതരിക്കുമ്പോൾ മഹാബലി നർമ്മദാ നദിയുടെ കരയിൽ മറ്റൊരു യാഗത്തിലായിരുന്നു. യാഗം നടന്നുകൊണ്ടിരുന്ന നർമ്മദയുടെ കരയിൽ വടു എത്തി. വടുവിന്റെ മുഖപ്രസാദവും ശാരീരികലക്ഷണങ്ങളും കണ്ടവർ ഇത് സൂര്യനോ അഗ്നിയോ ചന്ദ്രനോ മറ്റോ ആയിരിക്കുമെന്ന് സംശയിച്ചു. വടു മഹാബലിയുടെ അടുക്കലെത്തിയയുടനെ ഏറ്റവും ബഹുമാനത്തോടെ ''അങ്ങ് ആരാണ്? ഞാൻ എന്ത് സഹായമാണ് അങ്ങേയ്ക്ക് ചെയ്യേണ്ടത്? ദയവായി പറഞ്ഞാലും." മഹാബലി ചോദിച്ചു.
'' ഞാൻ നിരാശ്രയനായ ഒരു ബ്രാഹ്മണബാലൻ. എനിക്ക് ഇപ്പോൾ സംരക്ഷകരില്ല, സ്വന്തമായി വീടും സ്ഥലവും ഇല്ല. അടിയന് സ്വസ്ഥമായി കഴിയാൻ മൂന്നടി സ്ഥലം അനുവദിച്ചുതരണം. അനുവദിക്കുമെങ്കിൽ അടിയൻതന്നെ മൂന്നടി സ്ഥലം എന്റെ കാലുകൾ കൊണ്ട് അളന്നെടുത്തുകൊള്ളാം." തന്ത്രപരമായി വടു ആഗമനോദ്ദേശം വെളിപ്പെടുത്തി.
അസുരഗുരുവായ ശുക്രാചാര്യർ ഇതൊക്കെ വീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു, വടുവിനെ കണ്ടപ്പോൾ മുതൽ തന്നെ ഇത് സൂത്രശാലിയായ വിഷ്ണുവാണെന്ന് ശുക്രന് മനസിലാക്കി. ഉടനെ തന്നെ ബലിക്ക് സമീപമെത്തി ദാനമൊന്നും ചെയ്യരുതെന്നും ബലിയെ ഉപദേശിച്ചു. ദാനധർമ്മാദികളിൽ അണുവിട വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത മഹാബലിക്ക് ഗുരുവിന്റെ ഉപദേശം സ്വീകാര്യമായില്ല. മഹാബലി ഭാര്യയെ വിളിച്ച് ആഗതന്റെ കാൽ കഴുകുന്നതിനായി വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉടനെ ഭാര്യ കിണ്ടിയിൽ വെള്ളവുമായെത്തി. മഹാബലി കിണ്ടിയിലിരുന്ന വെള്ളം വാമനന്റെ കാലുകളിലൊഴിച്ച് കഴുകാനായി കിണ്ടി ചരിച്ചപ്പോൾ ശുക്രാചാര്യർ ഒരു ചെറിയ വണ്ടിന്റെ രൂപത്തിൽ കിണ്ടിയുടെ തുളയിൽ കയറിയിരുന്ന് വെള്ളമൊഴുക്ക് തടഞ്ഞു. വടു അടുത്ത കിടന്ന ദർഭയുടെ തണ്ടെടുത്ത് തുളയിൽ ഒരു കുത്തുവച്ചുകൊടുത്തു. അതോടുകൂടി ശുക്രാചാര്യരുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ശുക്രാചാര്യർ പുറത്തേക്ക് ചാടി. (ഈ സംഭവത്തിനുശേഷം ഒറ്റക്കണ്ണുള്ള ആളുകളെ ശുക്രക്കണ്ണൻ എന്നുവിളിക്കുന്ന പതിവ് ജനങ്ങളിലുണ്ടായി.)
വടുവിന്റെ കാല്പാദങ്ങൾ മഹാബലിതന്നെ കഴുകി ശുദ്ധിവരുത്തി,. ദാനശീലനായ മഹാബലി മൂന്നടി സ്ഥലം അളന്നെടുത്തുകൊള്ളാൻ വടുവിനെ അനുവദിച്ചു. നിമിഷങ്ങൾക്കുള്ളിൽ മുണ്ടനായിരുന്ന വടു ആകാശം മുട്ടുന്ന ഒരുഗ്രശരീരിയായി മാറി. ഈ വൻ ശരീരത്തിൽ പ്രപഞ്ചത്തിലെ സകലവസ്തുക്കളും അവിടവിടെയായി സ്ഥിതിചെയ്യുന്നത് ബലിക്ക് കാണാൻകഴിഞ്ഞു. ഈ അത്ഭുതരൂപംകണ്ട് യാഗശാലയിൽ ഉണ്ടായിരുന്ന സർവരും ഭയന്ന് സ്തബ്ധരായിപ്പോയി.
ആദ്യത്തെ ഒരുചുവടുകൊണ്ട് മഹാബലിയുടെ അധീനതയിൽ ഇരുന്ന മുഴുവൻ ഭൂമിയും വൻശരീരം കൊണ്ട് ആകാശവും ഒരു കൈകൊണ്ട് സ്വർഗവും രണ്ടാമത്തെ ചുവടുകൊണ്ടാ പാതാളവും സമീപപ്രദേശങ്ങളുമെല്ലാം അധീനതയിലാക്കി, ഇത്രയും കഴിഞ്ഞപ്പോൾ ''മഹാനായ ബലി അങ്ങനുവദിച്ച പ്രകാരം രണ്ടുചുവടുകൾകൊണ്ട് ഭൂമി, സ്വർഗം, പാതാളമൊക്കെ ഞാനളന്നു, മൂന്നാമത്തെ ചുവടുവയ്ക്കാൻ ദയവായി സ്ഥലം അനുവദിക്കണം." വടു അപേക്ഷിച്ചു. ഇത്രയും ചതി നേരിട്ടിട്ടും ദാനധർമ്മത്തിലുറച്ച് വിശ്വസിച്ചിരുന്ന മഹാബലി ഒരു പതർച്ചയും കൂടാതെ '' അങ്ങ് മൂന്നാമത്തെ ചുവട് എന്റെ തലയിൽ അളന്നുകൊള്ളൂ.." എന്ന് വിനയത്തോടെ വടുവിനോട് അപേക്ഷിച്ചു. ലക്ഷ്യം നിറവേറ്റാനായി സന്തോഷത്തോടെ വിഷ്ണു മൂന്നാമത്തെ ചുവട് മഹാബലിയുടെ തലയിൽ ചവിട്ടി അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി.
( തുടരും )
(ലേഖകന്റെ ഫോൺ: 9447750159)