സൗന്ദര്യത്തിന്റെ അളവുകോലായി ലോകമാകെ പരിഗണിക്കപ്പെടുന്ന ഘടകങ്ങളിൽ പ്രധാനമാണ് കാർകൂന്തൽ.മുടിയുടെ തിളക്കവും നിറവും നീളവും കട്ടിയുമൊക്കെ മുഴുവൻ വ്യക്തിത്വത്തിനും അഴക് പകരും. കറുത്ത്, നീണ്ട്, ചുരുണ്ട തലമുടി പുരാതനകാലം മുതലേ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ലക്ഷണമാണ്. പ്രാചീന മനുഷ്യർ പോലും തലമുടി മനോഹരമായി അലങ്കരിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നത്രേ. വസ്ത്രങ്ങൾ കണ്ടുപിടിക്കുമുമ്പുതന്നെ മനുഷ്യൻ കേശാലങ്കാരം തുടങ്ങിയെന്നാണ് ചരിത്രം.
വേട്ടയാടപ്പെട്ട മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ച് മുടി മിനുക്കാനും കൂർത്ത എല്ലിൻകഷണങ്ങൾ മുള്ളൻ പന്നിയുടെ മുള്ളുകൾ മുതലായവകൊണ്ട് മുടിചീകി ഒതുക്കാനും ആദിമനുഷ്യർക്ക് അറിയാമായിരുന്നു എന്നതിന് നരവംശ ശാസ്ത്രജ്ഞൻ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കേശാലങ്കാരം എന്ന കലവികാസം പ്രാപിച്ചത് ഈജിപ്തിലാണ്. ഈജിപ്റ്റുകാർ കേശാലങ്കാരത്തിന് വിവിധതരം വിഗുകൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ആരോഗ്യമുള്ള തലമുടിക്ക്
കറുത്ത്, ഇടതൂർന്ന് വളരുന്ന തിളക്കമുള്ള തലമുടിയാണ് നമ്മുടെ നാട്ടിലെ വിശ്വാസപ്രകാരം ആരോഗ്യമുള്ള തലമുടി.എങ്ങനെയാണ് തിളക്കവും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കുന്നത്? വാസ്തവത്തിൽ അത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം, തലമുടിയുടെ നിറവും തരവും ഒരുപരിധിവരെ പാരമ്പര്യഗുണങ്ങളാണ്. എങ്കിലും നിറമേതുമാകട്ടെ, തരമേതുമാകട്ടെ തലമുടിക്ക് ഭംഗിയും ആരോഗ്യവും നൽകാൻ നിരന്തരമായ ശ്രദ്ധയും പരിചരണവും കൊണ്ട് സാധിക്കും. മാസത്തിൽ അരഇഞ്ചുവീതം വളർത്തയുണ്ടെങ്കിലും വേനൽകാലത്താണ് മുടി കൂടുൽ വളരുന്നത്.
സൗന്ദര്യശാസ്ത്രം അനുസരിച്ച് തലമുടി മൂന്ന് വിധമുണ്ട്.
1. എണ്ണമയമുള്ള മുടി
2. വരണ്ടമുടി
3. സ്വാഭാവിക മുടി അഥവാ മിശ്രിതമുടി
എണ്ണമയമുള്ള മുടി
തലയോട്ടിയിലെ സ്നേഹഗ്രന്ഥികൾ ഉത്പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവാണ് മുടി എണ്ണമയമുള്ളതാണോ എന്ന് തീരുമാനിക്കുന്നത്. എണ്ണമയമുള്ള ചർമ്മം സംരക്ഷിക്കുന്ന അതേ ശ്രദ്ധവേണം എണ്ണമയമുള്ള തലമുടിയും പരിചരിക്കാൻ. പതിവിൽകൂടുതൽ അഴുക്കും എണ്ണമയവും തലയോട്ടിയിൽ പറ്റിപ്പിടിക്കുവാനും തലയോട്ടിയിലെ സുഷിരങ്ങൾ അടയുവാനും ഇത്തരക്കാരിൽ സാദ്ധ്യത കൂടും. തലയോട്ടിയിൽ പറ്റിപ്പിടിച്ച അഴുക്ക് ചെറിയ വ്രണങ്ങളും തൊലിപ്പുറത്തുള്ള ചെറിയ കുരുക്കളും വരുത്താറുണ്ട്. ഇത് തലമുടി കൊഴിയാനും ഇടയാക്കുന്നു.
എണ്ണമയമുള്ള മുടിയുടെ പരിരക്ഷ
എണ്ണമയമുള്ള മുടിയുള്ളവർ തലയോട്ടി എപ്പോഴും ശുചിയാക്കാൻ ശ്രദ്ധിക്കണം. കുളിക്കുന്നതിനുമുമ്പ് പകുതി ചെറുനാരങ്ങ നന്നായി തലയിൽ തേച്ച് പിടിപ്പിച്ചതിന്ശേഷം മുടി നന്നായി കഴുകണം. കഴുകാൻ കടയിൽ വാങ്ങാൻ കിട്ടുന്ന ഷാമ്പുവോ, വീട്ടിൽ സ്വയം നിർമ്മിക്കുന്ന താളികളോ, കടലപ്പൊടി, ചെറുപയർപ്പൊടി, ഉലുവ അരച്ചത് എന്നിവയോ ഉപയോഗിക്കാം. നെല്ലിക്ക, ചീവയ്ക്ക എന്നിവയടങ്ങിയ ഹെർബൽ ഷാമ്പുവാണ് ഉത്തമം. എണ്ണമയം കൂടുതലുള്ള തലമുടി ഷാമ്പൂ ചെയ്താൽ ഒന്നോ രണ്ടോ ദിവസം ഭംഗിയുള്ളതായിരിക്കും. സെബേഷ്യസ് ഗ്ലാൻഡ്സിന്റെ അമിതമായ പ്രവർത്തനം കൊണ്ടാണ് തലമുടി കൂടുതൽ എണ്ണമയമുള്ളതായി തീരുന്നത്.അതിനാൽ ഇത്തരം മുടിയിൽ പ്രത്യേകിച്ച് എണ്ണ പുരട്ടേണ്ട കാര്യമില്ല. കൈവിരൽ കൊണ്ട് വെറുതെ തലയോട്ടിയിൽ തിരുമ്മിയാൽ മതി. എണ്ണമയം കിട്ടിക്കൊള്ളും. ആഴ്ചയിൽ ഒരുതവണയെങ്കിലും ഷാമ്പൂ ഉപയോഗിച്ച് ഭംഗിയായി കഴുകി വൃത്തിയാക്കണം. ഇത്തരം മുടിയിൽ വേഗം അഴുക്കുണ്ടാകുന്നു. അതിനാൽ എണ്ണമയമുള്ള മുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. എണ്ണമയം കൂടുതലുള്ള മുടിയാണെങ്കിൽ കൊഴുപ്പ്, എണ്ണ മുതലായവ വർജ്ജിക്കണം. പച്ചക്കറികൾ കൊഴുപ്പില്ലാത്ത ഇറച്ചി, മത്സ്യം, മുട്ട, കരൾ എന്നിവ ഉപയോഗിക്കാം.
ശ്രദ്ധിക്കുക
എണ്ണമയമുള്ള തലമുടിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഡിറ്റർജന്റ് ഷാമ്പൂ കഴിവതും ഒഴിവാക്കുക.
2. മുടി പാറിപ്പറക്കുകയും വരണ്ടിരിക്കുകയും ചെയ്യുമ്പോൾ മാത്രം എണ്ണ തേയ്ക്കുക. എണ്ണതേയ്ക്കുന്നതിനേക്കാൾ ആവശ്യം ഉരുണ്ട പല്ലുകളുള്ള ബ്രഷ് കൊണ്ട് മുടി നന്നായി ബ്രഷ് ചെയ്യുകയെന്നതാണ്. തലയോട്ടിയിലെ സ്നേഹഗ്രന്ഥികളെ ഉത്തേജിപ്പിക്കാൻ ഇത് വഴി കഴിയും.
പുറമേ എണ്ണ പുരട്ടാതെ തന്നെ മുടിയുടെ നിറവും ഭംഗിയും കാത്ത് രക്ഷിക്കാൻ ഇത് സഹായിക്കും.
3. ദിവസവും 15 മിനിട്ട് തലയോട്ടി മസാജ് ചെയ്യുക.
വരണ്ടതലമുടിയാണെങ്കിൽ
വരണ്ടതലമുടിയുള്ളവർ തലയിൽ സദാ എണ്ണ നിലനിറുത്തുകയാണ് ചെയ്യേണ്ടത്. ഉണങ്ങിയ തലമുടി ആഴ്ചയിൽ ഒന്നോരണ്ടോദിവസം പയർപൊടിയോ ചീവയ്ക്കാ പൊടിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. കുളിക്കുന്നതിനുമുമ്പ് അല്പം ഏതെങ്കിലും എണ്ണ ചൂടാക്കി തലയിൽ പുരട്ടുക. അതിനുശേഷം കൈവിരലുകൾ ഉപയോഗിച്ച് നന്നായി തിരുമ്മുക.
അരമണിക്കൂറിന് ശേഷം ഒരു ടർക്കിടവ്വൽ നല്ല തിളച്ച ചൂട് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ആവിപിടിപ്പിക്കുക. ചൂട് കുറയുമ്പോൾ വീണ്ടും മുക്കിപ്പിഴിഞ്ഞ ടവ്വൽകൊണ്ട് ആവിപിടിക്കുക. ചൂട് കുറയുമ്പോൾ വീണ്ടും മുക്കിപ്പിഴിഞ്ഞ ടവ്വൽകൊണ്ട് ആവിപിടിപ്പിക്കുക. എന്നിട്ട് ഏതെങ്കിലും ഷാമ്പൂ ഉപയോഗിച്ച് തലകഴുകി വൃത്തിയാക്കുക.
* ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ ഓരോ ടീസ്പൂൺ എടുത്ത് അൽപ്പം ചൂടാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് പിന്നീട് വൃത്തിയായി കഴുകി കളയുന്നത് ഉത്തമം.
* വീര്യം കൂടിയ ഷാമ്പൂകൾ ഉപയോഗിക്കരുത്.
* വരണ്ടചർമ്മം ഉള്ളവരും തലമുടി ഇടയ്ക്കിടെ ബ്രഷ് ചെയ്യുകയും തലയോട്ടി നന്നായി മസാജ് ചെയ്യുകയും വേണം.
സ്വാഭാവികമുടി (മിശ്രിതമുടി)
ഇത്തരം മുടി സംരക്ഷിക്കാൻ ഏറ്റവും എളുപ്പമാണ്. ആരോഗ്യവും മിനുസവും വേണ്ടത്രയുണ്ടാകും ഈ മുടിക്ക്. അഴുക്കില്ലാതെ സൂക്ഷിക്കുകയും നന്നായി മസാജ് ചെയ്യുകയും വേണം. മിശ്രിത മുടിയുടെ വേരറ്റ എണ്ണമയമുള്ളതും മുടിയുടെ അറ്റം വരണ്ടതുമായിരിക്കും. സാധാരണ തലത്തിലുള്ള മുടി തിളക്കമുള്ളതും എണ്ണമയമില്ലാത്തതുമാണ്. ഇത്തരം മുടി എളുപ്പത്തിൽ ചീറ്റി ഒതുക്കാൻ സാധിക്കുന്നു. ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഷാമ്പൂ ഉപയോഗിച്ചോ താളിയോ പയർപൊടിയോ ഉപയോഗിച്ചോ നന്നായി കഴുകി വൃത്തിയാക്കണം. എണ്ണ അമിതമായി പുരട്ടേണ്ട ആവശ്യമില്ല. ലേശം എണ്ണ കൈ വിരലുകളിലെടുത്ത് നല്ലവണ്ണം തലയോട്ടിയിൽ തിരുമ്മിയാൽ മതിയാവും. പത്ത് മിനിട്ട് നേരമെങ്കിലും ഇത് ചെയ്യണം. ഹെയർ ഡ്രയർ കഴിവതും ഒഴിവാക്കുന്നത് നന്ന്. മുടി എപ്പോഴും സ്വതവേ ഉണങ്ങുന്നതാണ് ഉചിതം.