നൂറായിരം ജന്മങ്ങൾ താണ്ടി മാടമ്പ് ദേശാടനത്തിന് പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദേവഭൂമിയിൽ എല്ലാവരും ശങ്കരന്മാരാണ്. അച്ഛനെ തേടിപ്പോകുന്ന മകനാണ് മാടമ്പിന്റെ ദേവഭൂമിയിലെ ശങ്കരൻ. ഹിമാലയത്തിന്റെ അർത്ഥശൃംഗങ്ങളിൽ അച്ഛനും മകനും ഒന്നാണെന്ന് നാം തിരിച്ചറിയുന്നു. അശ്വത്ഥാമാവിനെപ്പോലെ വേദനയോടെ തേടിയലഞ്ഞത് മുഴുവൻ തന്നെത്തന്നെയായിരുന്നുവെന്ന് മാടമ്പ് ശങ്കരൻ നമ്പൂതിരിയും തിരിച്ചറിയുന്നു. തന്റെ കഥ താൻ തന്നെ അഭിനയിച്ചുതീർക്കുന്നു. സിനിമയിലും ജീവിതത്തിലും ആ ഭാഗ്യം, ആ വിധി ഒരുപക്ഷേ ലോകത്ത് മറ്റാർക്കും അവകാശപ്പെട്ടതല്ല.
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ശാന്തത്തിന് ലഭിക്കുമ്പോൾ മാടമ്പ് ആനകളെക്കുറിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ പോയ ശാന്തത്തിനൊപ്പം മാടമ്പും ഞാനും സബിതയുമുണ്ടായിരുന്നു. മാടമ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന സഞ്ചിയിൽ രണ്ട് ചെറിയ വിളക്കുകളുണ്ടായിരുന്നു. ശാന്തം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് അനുമോദനം ഏറ്റുവാങ്ങുന്ന ഇടവേളകളിൽ ടാക്സി പിടിച്ച് മൈലുകളോളം സഞ്ചരിച്ച് മാടമ്പ് എത്തിയത് അതിമനോഹരങ്ങളായ ആപ്പിൾ തോട്ടങ്ങളുടെയും പുൽമേടുകളുടെയും ഇടയിൽ, മയിലുകളും കിളികളും എപ്പോഴും പാറിക്കളിക്കുന്ന കൊട്ടാരസദൃശമായ ബംഗ്ലാവിലായിരുന്നു. വിശ്വസാഹിത്യകാരനായ ടോൾസ്റ്റോയിയുടെ സ്വപ്നതുല്യമായ പാർപ്പിടം. പുൽത്തകിടിയിൽ കണ്ട ടോൾസ്റ്റോയിയുടെ ഓർമക്കുടീരത്തിൽ തന്റെ മാറാപ്പിലൊളിപ്പിച്ചിരുന്ന വിളക്ക് സമർപ്പിക്കുമ്പോൾ മാടമ്പിന്റെ മിഴികൾ ആർദ്രങ്ങളായിരുന്നു. ഭാഷയും സാഹിത്യവും മനുഷ്യവികാരങ്ങളും പ്രപഞ്ചവും ഒന്നാകുന്നത് ഞാനറിഞ്ഞു. മരങ്ങൾക്ക് മറഞ്ഞുനിന്ന ടോൾസ്റ്റോയി ബംഗ്ലാവിന് മാടമ്പ് മനയുടെ ഛായ തോന്നി. ആപ്പിൾ മരങ്ങളിൽ കേട്ട കിളിശ്ശബ്ദം കിരാലൂരിലെ കരിമ്പനയിലെ കൂരിയാറ്റയുടേതെന്ന് എനിക്ക് തോന്നി. മാടമ്പിനെപ്പോലെ താന്തോന്നിയെന്നും ധിക്കാരിയെന്നും മദ്യപാനിയെന്നും ആരൊക്കെയോ വിളിച്ചാക്ഷേപിച്ച, ലോകം കണ്ട് ഏറ്റവും വേദനിച്ച എഴുത്തുകാരൻ, ഏറ്റവും ശ്രേഷ്ഠനായ എഴുത്തുകാരൻ ദസ്തയേവ്സ്കിയുടെ പേനയുടെ മുമ്പിൽ മാടമ്പ് വിളക്ക് വെച്ച് നമസ്കരിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.
ലീഡ്
പ്രിയപ്പെട്ട മാടമ്പിനെക്കുറിച്ച് സംവിധായകൻ ജയരാജ്