ra

തോന്നൂർക്കരയെ കൊച്ചുഗ്രാമത്തിൽ നിന്നും ഇല്ലായ്‌മയിലൂടെ കടന്ന് വന്ന് ജീവിതം പോലും പാർട്ടിക്കും സമൂഹത്തിനുമായി ഉഴിഞ്ഞുവച്ച കെ. രാധാകൃഷ്‌ണൻ എന്ന പച്ചയായ മനുഷ്യൻ രണ്ടാം മുഴവും മന്ത്രികസേരയിലെത്തുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്നത് അധഃസ്ഥിത വിഭാഗവും, പിന്നാക്കം നിൽക്കുന്നവരുമാണ്. തിരഞ്ഞെടുപ്പുകളിൽ തോൽവി അറിയാത്ത രാധാകൃഷ്‌ണൻ 1996ലാണ് ചേലക്കരയിൽ നിന്നും കന്നിയങ്കം കുറിച്ചത്.

നായനാർ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. പട്ടികജാതി വർഗ വകുപ്പ് ഏറ്റെടുക്കുമ്പോൾ അവശരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും കാവലാളായി കെ. രാധാകൃഷ്‌ണൻ. എം.എൽ.എ, മന്ത്രി, സ്‌പീക്കർ എന്നീ ഉന്നത പദവികൾ തേടിയെത്തിയപ്പോഴും സ്വന്തമായി നേടിയത് നാട്ടുകാരുടെ സ്‌നേഹം മാത്രം.

കിഴക്കൻ കാറ്റിന്റെ ശല്യമില്ലാതെ കയറിക്കിടക്കാനുള്ള ഓലപ്പുരയിലായിരുന്നു രാധാകൃഷ്‌ണന്റെ ജീവിതം. പദവികൾ തേടിയെത്തിയപ്പോൾ ആ പദവികൾക്കനുസരിച്ച് ജീവിക്കണമെന്ന സഹപ്രവർത്തകരുടെ നിർബന്ധത്തിനൊരുങ്ങി വീടുവയ്‌ക്കാൻ തീരുമാനിച്ചു. സ്വന്തമായി ഒരിഞ്ച് ഭൂമി പോലും സ്വന്തം പേരിലില്ലാത്ത രാധാകൃഷ്‌ണൻ അമ്മ ചിന്നയുടെ പേരിലുണ്ടായിരുന്ന 26 സെന്റ് ഭൂമിയിൽ നിന്നും 15 സെന്റ് സ്വന്തം പേരിലാക്കി സഹകരണ ബാങ്കിൽ നിന്നും അഞ്ചു ലക്ഷം രൂപ വായ്‌പയെടുത്ത് ചെറിയൊരു വീടുവച്ചു.

പണം കഴിഞ്ഞതുമൂലം നിർമ്മാണം നിറുത്തിവച്ചു. വീട് മുഴുവൻ ചോർന്നൊലിക്കാൻ തുടങ്ങി. ഈർപ്പം കൊണ്ട് ചുമരുകളിൽ ഷോക്കേൽക്കാനും തുടങ്ങിയപ്പോൾ മുകളിൽ ഒരു നില കൂടി എടുത്താൽ ചോർച്ച നിറുത്താനാകുമെന്ന് പണിക്കാരൻ പറഞ്ഞു. സഹകരണ ബാങ്കിലെ വായ്‌പ ഒടുക്കി, കനറാ ബാങ്കിൽ നിന്നും വീണ്ടും അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പണി പൂർത്തീകരിക്കാനായില്ല. ഇപ്പോൾ പണി തീരാത്ത വീട്ടിലാണ് അമ്മ ചിന്നയ്‌ക്കൊപ്പം രാധാകൃഷ്‌ണന്റെ താമസം.

ഇടുക്കി വാഗമണ്ണിൽ നിന്നും ആറു വയസ്സുള്ളപ്പോഴാണ് പിതാവ് കൊച്ചുണ്ണിയും, അമ്മ ചിന്നയും ചേലക്കരയിൽ വന്നത്. പാടത്ത് കന്നുപൂട്ടിയും കറ്റയേന്തിയുമായിരുന്നു തുടക്കം. ഇപ്പോഴും നേരം വെളുക്കും മുമ്പ് രാധാകൃഷ്ണൻ കൃഷിയിടത്തിലെത്തും. മണ്ണിനെ പൊന്നാക്കാനായി പൊരുതും. ഒപ്പം കുറെ കർഷകരുമുണ്ടാകും. ഓലപ്പുരയിലെ അടുക്കളയിൽ തീപുകയാൻ കഴിയാതെ വന്ന നാളുകൾ ഓർമ്മയിൽ വരുമ്പോൾ രാധാകൃഷണനിലെ കർഷകന് ഇരട്ടി ഊർജമാകും. നിയമസഭയിലെ കസേരകളെക്കാൾ ജനഹൃദയത്തിലാണ് രാധാകൃഷ്‌ണൻ ജീവിക്കുന്നത് .

താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് സ്വയം സമർപ്പിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ നിറം രാധാകൃഷ്‌ണൻ നോക്കാറില്ല. കർഷകനായി ജീവിക്കുന്ന ഈ കമ്മ്യൂണിസ്റ്റുകാരൻ കർഷകർക്ക് വേണ്ട സംരക്ഷണം ഇപ്പോഴും ലഭിക്കുന്നില്ലെന്ന അഭിപ്രായക്കാരനാണ്. പ്രകൃതിയെയും, പൂക്കളെയും, ജീവികളെയും സംരക്ഷിച്ച് ജീവിക്കുന്ന രാധാകൃഷണന്റെ വീട്ടിലെത്തിയാൽ ഇതിനെല്ലാം ഉത്തരം ലഭിക്കും. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഈ നാട്ടിൻ പുറത്തു കാരൻ മന്ത്രിയാകുമ്പോൾ അഭിമാനിക്കുന്നത് താഴെ തട്ടിലുള്ളവർ തന്നെയാണ്.