ഡോ.ആർ.ബിന്ദു എന്ന തൃശൂരിന്റെ ആദ്യവനിതാ മേയറേയും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗത്തേയും ഇംഗ്ളീഷ് അദ്ധ്യാപികയേയും അറിയുന്നവരേറെയുണ്ടാകും. പക്ഷേ, കഥകളിയും ഭരതനാട്യവും അവതരിപ്പിച്ചും കഥയും കവിതകളും എഴുതിയും പഠനകാലത്ത് കലോത്സവവേദികളിലെ തിലകമായിരുന്ന ആർ.ബിന്ദുവിനെ അധികമാരും അറിഞ്ഞുകാണില്ല.
ഡോ.ബിന്ദു, കലയുടെ സൗമ്യലോകത്തു നിന്നാണിപ്പോൾ രാഷ്ട്രീയപ്രവർത്തകയും ജനപ്രതിനിധിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയത്. ഓരോ കാലത്തും തിരിച്ചറിഞ്ഞത് തീക്ഷ്ണവും ദുരിതപൂർണ്ണവുമായ സ്ത്രീജീവിതങ്ങളുടെ വേദനയായിരുന്നു. തൃശൂർ കോർപറേഷനിൽ ഒരു പതിറ്റാണ്ടുകാലം ജനപ്രതിനിധിയായിപ്പോൾ ഒട്ടേറെ അനുഭവങ്ങളുണ്ടായിരുന്നു. കലയും രാഷ്ട്രീയവും സാഹിത്യവും വനിതാമുന്നേറ്റപ്രവർത്തനങ്ങളും ഒരുപോലെ നെഞ്ചേറ്റിയ, ടീച്ചർ വനിതാദിനത്തിൽ പങ്കിടുന്നതും ആ അനുഭവങ്ങളാണ്.
''ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ദുരിതങ്ങളും നേരിട്ട് കണ്ട് അത് പരിഹരിക്കാൻ കഴിയുകയും ചെയ്തപ്പോഴാണ് എന്റെ ജീവിതത്തിൽ വലിയൊരു പരിവർത്തനമുണ്ടായത്. നിരവധി കർഷകപരിസ്ഥിതി സമരങ്ങളിൽ മുന്നണിപ്പോരാളികളായി ഇന്ന് സ്ത്രീകളുണ്ട്. വെടിയുണ്ടയ്‌ക്ക് പകരം പനിനീർപ്പൂക്കളുമായി പെൺകുട്ടികൾ രംഗത്തിറങ്ങുന്നു. വലിയൊരു മാറ്റമാണിത്.""
പൂത്തോൾ, കാനാട്ടുകര ഡിവിഷനുകളിലെ കൗൺസിലറായിരുന്നു ഡോ.ബിന്ദു. മേയറായപ്പോൾ, വിമർശനശരങ്ങളേറെ കൊണ്ടു. പക്ഷേ, സ്വരാജ് റൗണ്ടിൽ മെക്കാഡം ടാറിംഗ് നടത്തുന്നത് അടക്കമുളള വികസനപ്രവർത്തനങ്ങളുമായി അവർ മുന്നോട്ടുപോയി. മേയർ സ്ഥാനം ഒഴിഞ്ഞപ്പോഴും സമരവഴികളിൽ സജീവമായി. കേരളവർമ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വൈസ് പ്രിൻസിപ്പലായി. ഈയിടെ പ്രിൻസിപ്പലിന്റെ ചുമതലയും ലഭിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്‌കൂളിൽ പഠിക്കുമ്പോൾ, എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. പിന്നീട് സെന്റ് ജോസഫ്‌സ് കോളേജിൽ ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോൾ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ഫിലും കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഉത്തരാധുനിക എഴുത്തുകാരിയായ എൻജെല കാർട്ടറുടെ നോവലുകളെ ആധാരമാക്കി സാഹിത്യത്തിലെ ലിംഗപദവി ബന്ധങ്ങളെ കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റും നേടി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തായിരുന്നു ജനിച്ചുവളർന്നത്. ഇരിങ്ങാലക്കുട കൗൺസിലറും പ്രതിപക്ഷനേതാവുമായിരുന്ന പരേതനായ രാധാകൃഷ്‌ണൻ മാസ്റ്ററുടേയും ശാന്തകുമാരിയുടെയും മകൾ. സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുളള എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനാണ് ഭർത്താവ്. മകൻ ഹരികൃഷ്‌ണൻ.