വീണയ്ക്ക് നല്ല ഓർമ്മശക്തിയുണ്ടെന്നാണ് ഭർത്താവ് ജോർജ് ജോസഫിന്റെ സാക്ഷ്യം. മണ്ഡലത്തിലെ ഓരോ മുക്കുംമൂലയും വരെ ഹൃദിസ്ഥമാണ്, ഒരു കാര്യത്തിനും ഡയറി എഴുതുന്ന ശീലമില്ല. ഓർമ്മയിൽ നിന്നാണ് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ചാർട്ട് ചെയ്യുന്നത്. കൃത്യനിഷ്ഠതയുള്ള ജീവിതമാണ് ആരോഗ്യമന്ത്രി വീണാജോർജിന്റെ വിജയരഹസ്യമെന്നു പറയാം. ഒന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന പതിവില്ല, ചെയ്യേണ്ടത് ഹൃദ്യസ്ഥമാണ് മാനസിൽ. മന്ത്രിയിൽ നിന്നും ഏറെ പ്രതീക്ഷിക്കാനുണ്ടെന്ന വിലയിരുത്തലുകൾക്കും മറ്റു കാരണങ്ങളില്ല.
എം.എൽ.എആയിരിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലത്തും കൊടുമൺ അങ്ങാടിക്കൽ വയലോരത്ത് വീട്ടിൽ വലിയ തിരക്കാണ്. ആറൻമുളയുടെ വീരനായിക വീണാജോർജ് പ്രചരണത്തിന് പുറപ്പെടുമ്പോൾ തന്നെ ഭർത്താവ് ഡോ.ജോർജ് ജോസഫും മക്കൾ സ്കൂൾ വിദ്യാർത്ഥികളായ അന്നയും ജോസഫും നിർദ്ദേശങ്ങളുമായി വീണാ ജോർജിനൊപ്പമുണ്ടാകും. പഠന കാര്യങ്ങൾക്ക് അവധി നൽകിയാണ് പത്തിലും ആറിലും പഠിക്കുന്ന മക്കൾ തിരഞ്ഞെടുപ്പും ശ്രദ്ധിച്ചത്.
മിക്ക ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പരിപാടികൾ കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോഴും മക്കൾ പരാതി പറഞ്ഞിരുന്നില്ല. പിറ്റേന്ന് പുലർച്ചെ 4.30ന് ഉറക്കമുണരാൻ കൃത്യസമയത്ത് അമ്മയെ വിളിച്ചുണർത്തുന്നതും മക്കൾ അന്നയും ജോസഫും തന്നെയായിരുന്നു. ഭർത്താവ് ഡോ. ജോർജ് ജോസഫും സജീവമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെട്ട് ജീവിതപങ്കാളിക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നു.
ഭക്ഷണ കാര്യങ്ങളിൽ വീട്ടിലെ എല്ലാവരുടെയും ഇഷ്ടമാണ് വീണയ്ക്കുമുള്ളത്. തിരഞ്ഞെടുപ്പ് തിരക്കിനിടെയിലും ജോർജ് ജോസഫിന്റെ കൃഷി പരിപാലനത്തിന് മുടക്കമൊന്നും വരുത്തിയിട്ടില്ല. വീടിന് അടുത്ത് മുണ്ടകൻ പാടത്ത് ഇപ്പോൾ കൊയ്ത്ത് നടക്കുകയാണ്. കൂടാതെ ഇത്തവണ മൂന്ന് ടൺ കാച്ചിലും മൂന്നര ടൺ ചേമ്പും വിറ്റു. 2300 എത്തക്കുല ഹോർട്ടി കോർപറേഷൻ വാങ്ങി. കൃഷിയ്ക്കു പുറമെ മികച്ച രീതിയിൽ ഹരിത ചട്ടം പാലിച്ച് ഫാമും നടത്തുന്നു. പശു, ആട്, കോഴി, താറാവ് എന്നിവയാണ് ഫാമിലുള്ളത്. ഇവയുടെ പരിപാലനത്തിലും വീണയുടെ നോട്ടമെത്താറുണ്ട്. പ്രചാരണത്തിന് മിക്ക ദിവസങ്ങളിലും വീണാ ജോർജിനൊപ്പം ജോർജ് ജോസഫുമുണ്ട്. ചില ദിവസങ്ങളിൽ പ്രധാന വ്യക്തികളെ കാണാൻ ജോർജ് സമയം കണ്ടെത്തുന്നു. 2016ൽ അട്ടിമറി വിജയത്തിലൂടെയാണ് വീണാ ജോർജ് ആറന്മുളയിലേക്ക് കടന്നുവന്നത്.
ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും റാങ്കുകളോടെ കരസ്ഥമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒന്നര വർഷം അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു. അഭിഭാഷകനായിരുന്ന മൈലപ്ര കുമ്പഴ വേലശ്ശേരി പാലമുറ്റത്ത് പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭ മുൻ കൗൺസലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ്.