തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാർത്ഥ കണക്ക് സർക്കാർ ഒളിച്ചുവയ്ക്കുന്നതായി പ്രതിപക്ഷം ഉൾപ്പടെ ആരോപണം ഉന്നയിക്കുന്നതിനിടെ, മേയ് മാസത്തിൽ മാത്രം മരിച്ചത് 2756 പേർ. അതായത് കഴിഞ്ഞ മാസം മാത്രം 33 ശതമാനം പേർ മരിച്ചുവെന്നാണ് കണക്കുകൾ നൽകുന്ന വിവരം.സംസ്ഥാനത്തെ നിലവിലെ മരണനിരക്ക് 0.34 ശതമാനം ആണ്. കൊവിഡിന്റെ ആദ്യ തരംഗം ഉണ്ടായപ്പോൾ മരണനിരക്ക് 0.40 ശതമാനമായിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 8815 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഔദ്യോഗിക കണക്ക് ഇതാണെന്നിരിക്കെ, യഥാർത്ഥ മരണനിരക്ക് ഇതിന്റെ അഞ്ചിരട്ടി വരുമെന്നാണ് വിദഗ്ദ്ധരും ആരോഗ്യപ്രവർത്തകരും പറയുന്നത്.
ആദ്യതരംഗത്തിൽ മറ്റുഗുരുതര രോഗങ്ങളുള്ള പ്രായമായവരാണ് മരിച്ചതിൽ ഭൂരിഭാഗവും. എന്നാൽ, രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരിലെ മരണനിരക്കാണ് കൂടുതൽ. ഇന്നലെ വരെ കൊവിഡ് ബാധിച്ച് മരിച്ച 8815ൽ 353 പേർ 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ചെറുപ്പക്കാരിൽ ഇപ്പോൾ തന്നെ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ സാധാരണമായിക്കഴിഞ്ഞു. കൊവിഡ് ബാധിച്ചതോടെ ഇത് പലരിലും മരണ കാരണമായിമാറുകയാണ്. രോഗവ്യാപനത്തോത് ഉയരുമ്പോൾ മരണനിരക്കും വർദ്ധിക്കുന്ന രീതിയാണ് ഇപ്പോൾ പ്രകടമാകുന്നത്. ഇത് തന്നെയാണ് ചെറുപ്പക്കാരിൽ മരണ നിരക്ക് കൂടാൻ കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
അതേസമയം, ഒന്നാം തരംഗത്തിൽ 60ന് മുകളിൽ പ്രായമുള്ളവരുടെ മരണം നിരക്ക് കൂടുതലായിരുന്നതെങ്കിൽ രണ്ടാം തരംഗത്തിൽ അത് കുറഞ്ഞിട്ടുണ്ട്. ആദ്യ തരംഗത്തിൽ 60 വയസിന് മുകളിലുള്ള 76 ശതമാനം പേർ മരിച്ചപ്പോൾ ഇപ്പോഴത് 71ശതമാനമായി കുറഞ്ഞിട്ടുണ്ട്. 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിയതിന്റെ പ്രതിഫലനമാണ് ഇതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 41നും 59നും ഇടയിലുള്ള 1938 പേരാണ് ഇക്കാലയളവിൽ മരിച്ചത്. 60വയസിന് മുകളിൽ 6346 പേരും മരിച്ചു. ഔദ്യോഗിക കണക്ക് അനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളുടെ അവസാനമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നത്. ഐ.സി.യു, വെന്റിലേറ്റർ ചികിത്സ കിട്ടാത്തതിനാൽ 10 ശതമാനം പേർ മരിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തെ കൊവിഡിന്റെ വ്യാപനം നിരീക്ഷിക്കുന്ന വിദഗ്ദ്ധരുടെ കണക്ക്.
തിരുവനന്തപുരം തന്നെ മുന്നിൽ
കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 1749 പേരാണ് ഇന്നലെവരെ ജില്ലയിൽ മരിച്ചത്. ഇവിടെ ഫേറ്റലിറ്റി റേഷ്യോ (സി.എഫ്.ആർ) 0.69 ആണ്. രണ്ടാംതരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായ മലപ്പുറം മരണനിരക്കിൽ ആറാം സ്ഥാനത്തും സി.എഫ്.ആർ 0.23 ലുമാണ്. രണ്ടാം തരംഗത്തിൽ മലപ്പുറത്താണ് കൂടുതൽ രോഗികൾ ഉണ്ടായതെങ്കിലും മരണനിരക്ക് തലസ്ഥാന ജില്ലയുടെ അഞ്ചിലൊന്ന് മാത്രമാണ്. ഏപ്രിൽ ഒന്നിനും മേയ് 24നും ഇടയിൽ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ 11 ശതമാനവും റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത് ആയിരുന്നു. എന്നാൽ, അപ്പോഴും അവിടത്തെ മരണനിരക്ക് നാല് ശതമാനം മാത്രമായിരുന്നു. എന്നാൽ, ഇതേ കാലയളവിൽ തിരുവനന്തപുരത്ത് ആകെ രോഗികളുടെ 10 ശതമാനം ആയപ്പോൾ മരണനിരക്ക് 20 ശതമാനം ആയി ഉയർന്നു. മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ജില്ല ആയിട്ടുകൂടി ഇതാണ് അവസ്ഥ.
കൊവിഡ് മരണം ജില്ലതിരിച്ച്
തിരുവനന്തപുരം : 1749
തൃശൂർ: 1030
കോഴിക്കോട്: 971
എറണാകുളം: 872
ആലപ്പുഴ: 701
മലപ്പുറം: 666
കണ്ണൂർ: 622
പാലക്കാട്: 604
കൊല്ലം: 500
കോട്ടയം: 435
പത്തനംതിട്ട: 292
വയനാട്: 162
കാസർകോട്: 149
ഇടുക്കി: 62