പെൻഷൻ വാങ്ങാൻ ട്രഷറികളിൽ എത്തുന്ന ബഹുഭൂരിപക്ഷവും അറുപതു കഴിഞ്ഞ സീനിയർ പൗരന്മാരാണ്... ഇവരിൽത്തന്നെ നല്ലൊരു ശതമാനം എൺപതു കഴിഞ്ഞ സൂപ്പർ സീനിയേഴ്സും തൊണ്ണൂറു കഴിഞ്ഞ സുപ്രീം സീനിയേഴ്സുമാണ്...!
ഈ പാവങ്ങൾ ഇപ്പോഴും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം തുറന്ന്, മൂന്നോ നാലോ ഉദ്യോഗസ്ഥരെക്കൊണ്ട് ഓടിക്കുന്ന ട്രഷറിയെ ആശ്രയിച്ചാണു പെൻഷൻ കൈപ്പറ്റുന്നത്...!
രാവിലെ ട്രഷറി തുറക്കുമ്പോൾ മുതൽ അടയ്ക്കുന്ന ഒന്നോ രണ്ടോ മണി വരെ കാത്തിരുന്നു 'കിട്ടുന്നതും വാങ്ങി' ഓട്ടോറിക്ഷയിലോ ഡ്രൈവറെ വാടകയ്‌ക്കെടുത്ത സ്വന്തം വാഹനത്തിലോ മടങ്ങുകയാണു പതിവ്...!
(ഇവിടെ 'കിട്ടുന്നതും വാങ്ങി' എന്നു വെറുതെ പറഞ്ഞതല്ല...!
മൂന്നോ നാലോ മാസത്തെ പെൻഷൻ, യാത്രാക്ലേശം ഒഴിവാക്കാൻ ഒരുമിച്ച് വാങ്ങുന്നവരുണ്ട്... പലപ്പോഴും എല്ലാവർക്കും അത്രയും തുക കൊടുക്കാൻ ട്രഷറിയിൽ കണ്ടെന്നു വരില്ല... അതിനാൽത്തന്നെ ഈ സുപ്രീമുകൾക്കു വീണ്ടും വരേണ്ടി വരുന്നു...) ചുരുക്കത്തിൽ എപ്പോഴും ട്രഷറിയുടെ മുന്നിലുംറോഡിലും തിരക്കോടു തിരക്ക് തന്നെ...!
ഇവരുടെ പണം ഇപ്പോഴത്തെ സാഹചര്യത്തിൽ പിൻവലിക്കാതെ സർക്കാർ ഖജനാവിൽ കിടക്കുന്നത് നേരെ ചൊവ്വേ ശ്വാസം വലിക്കാൻ പ്രയാസപ്പെടുന്ന സർക്കാരിന് ആശ്വാസമാണെങ്കിലും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന പലരുടെയും ശ്വാസംമുട്ടൽ കൂട്ടുന്നുണ്ട്... ഇതിനൊരു പരിഹാരം അറുപതു കഴിഞ്ഞവരുടെ പെൻഷൻ ഓരോ മാസവുമോ അല്ലെങ്കിൽ പെൻഷനേഴ്സിന്റെ താത്പര്യപ്രകാരമുള്ള ഇടവേളകളിലോ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നതാണ്... ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ആരുമില്ലല്ലോ...
തിരക്ക് കുറയ്ക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യുന്നത് എല്ലാവരുടെയും ശാപം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പാവം പൊലീസുകാർക്കും ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല...!
...........
മറക്കാത്ത കാര്യം...
...........
ചുരുക്കം ചിലർ മാത്രം ചെക്ക് ഒപ്പിട്ടു മക്കളെയോ ഏറ്റവും വേണ്ടപ്പെട്ടവരെയോ ഏല്പിക്കാറുണ്ട്... പക്ഷേ, മിക്കവരും ഇത് ഇഷ്ടപ്പെടുന്നില്ല...! ഭൂരിപക്ഷവും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എല്ലാവരെയും കാണാനും പറയാനും പറയുന്നതു കേൾക്കാനും ഇഷ്ടപ്പെടുന്നു...! പലർക്കും ഇപ്പോഴത്തെ നിയന്ത്രണങ്ങളെക്കുറിച്ചു പോലും അറിയില്ല...!
ലേഖകന്റെ ഫോൺ : 944 74 316 55