മനുഷ്യൻ ഒരു സമൂഹജീവിയാണ്. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും മനുഷ്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. അവനവനെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിച്ചുകൊണ്ടാണ് മനുഷ്യൻ അവന്റെ ജീവിതം സാക്ഷാത്ക്കരിക്കുന്നത്. അതുകൊണ്ടാണ് നാം നമ്മുടെ പ്രിയപ്പെട്ടവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത്. അവരുടെ ക്ഷേമത്തിൽ നമുക്ക് താത്പര്യമുണ്ടാകുന്നത് അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ് അവരുടെ ദുഃഖവും സന്തോഷവും പ്രയാസങ്ങളും പുരോഗതിയുമെല്ലാം നമ്മളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചേക്കാം. അതുകൊണ്ട് നമ്മൾ പ്രിയപ്പെട്ടവരോട് ഇടയ്ക്കിടെ ചോദിക്കുന്നു. ഹൗ ആർ യൂ? സുഖമാണോ?
പക്ഷേ നിരന്തരമായ ഉപയോഗം കൊണ്ട് ജീവൻ നഷ്ടപ്പെട്ട് യാന്ത്രികമായി തീർന്ന പ്രയോഗമാണ് ഹൗ ആർ യൂ? എന്നത്. അത് തികച്ചും ഔപചാരികമായ ഒരു സംഭാഷണശകലം ആയി മാറിയിട്ടുണ്ട്.. മറ്റൊരാളോട് ഹൗ ആർ യൂ എന്ന് ചോദിക്കുമ്പോൾ ആ വ്യക്തിയുടെ യഥാർത്ഥത്തിലുള്ള ജീവിതാവസ്ഥ മനസിലാക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം ആ ചോദ്യത്തിൽ ഇല്ല.. മറിച്ച് വെറുമൊരു ലോഹ്യം ചോദിക്കലായി അത് ചുരുങ്ങിപ്പോയി.. കേൾക്കുന്ന വ്യക്തിയും ആ ചോദ്യത്തെ ഗൗരവമായി പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ 'കുഴപ്പമില്ല", ഫൈൻ എന്നിങ്ങനെയുള്ള ആഴമില്ലാത്ത ഒഴുക്കൻ സ്റ്റോക്ക് മറുപടികൾ നൽകുകയും ചെയ്യുന്നു.
ഹൗ ആർ യൂ എന്ന് ചോദിക്കുമ്പോൾ ആ വാക്കുകൾ പ്രിയപ്പെട്ടവരുടെ ഉൾസമുദ്രത്തിൽ ആഴത്തിൽ പതിയുകയും അവിടെനിന്ന് അവരുടെ ജീവിതാവസ്ഥയുടെ തിരകൾ ഉയർന്നു വരികയും വേണം. നിർഭാഗ്യവശാൽ നമ്മുടെ സുഖാന്വേഷണ വ്യക്തികളിൽ നിന്ന് സ്നേഹത്തിന്റെ ഊഷ്മളതയും ആർദ്രതയും നഷ്ടപ്പെട്ടുപോയിരിക്കുന്നു..
എത്ര വിരസമായും യാന്ത്രികവുമായുമാണ് നാം ഹൗ ആർ യൂ എന്ന് ചോദിക്കുന്നതും ഫൈൻ എന്ന വാക്ക് കേൾക്കുന്നതും. നമ്മുടെ ജീവിതാവസ്ഥ അറിയാനുള്ള അദമ്യവും ആത്മാർത്ഥവുമായ ആഗ്രഹമല്ല മറിച്ച് ഒരു കടമ നിർവഹിക്കലാണെന്ന് ഇരുകൂട്ടർക്കുമറിയാം. അതുകൊണ്ട് ഇത്തരം ആചാരമര്യാദ പ്രചോദിതമായ ചോദ്യങ്ങൾ അങ്ങനെതന്നെ നിസംഗമായി തള്ളിക്കളയുന്നു..
ഈ യാന്ത്രികസംസ്കാരത്തിന് ഒരു മാറ്റം വരണമെന്നാഗ്രഹിക്കുന്നവരുമുണ്ട്.. പക്ഷേ അവർക്കുപോലും സാമ്പ്രദായിക സാമൂഹികമര്യാദകളിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രിയപ്പെട്ടവരുടെ വേർപാടിലോ രോഗത്തിലോ അതീവദുഃഖിതരായി കഴിയുന്നവരോട് പോലും നമ്മൾ ഹൗ ആർ യൂ എന്ന് ചോദിക്കുന്നത്.
അവരിൽ ചിലർ കണ്ണീർ തുടച്ചുകൊണ്ടുപറയും 'ഫൈൻ..."
ഈ പൊള്ളയായ സുഖാന്വേഷണ ശൈലിക്ക് മാറ്റം വരുത്തണമെങ്കിൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഹൗ ആർ യൂ എന്ന യാന്ത്രികവാക്യത്തിന് പകരം ഹൗ ആർ യൂ ടുഡേ? എന്ന് ചോദിച്ചുനോക്കൂ. ഒരു ടുഡേ കൂടി ചേർത്തപ്പോൾ അതിന്റെ തലം തന്നെ മാറി.
''ഇന്ന് എങ്ങനെയുണ്ട്?"
എന്ന് ചോദിക്കുമ്പോൾ അതിൽ ഇന്നത്തെ അവസ്ഥ അറിയാനുള്ള ഒരു ആത്മാർത്ഥശ്രമം വിനിമയം ചെയ്യുന്നുണ്ട്. അപ്പോൾ സ്വാഭാവികമായും വസ്തുതാപരവും സത്യസന്ധവുമായ ഒരുത്തരം പറയാൻ കേൾക്കുന്ന വ്യക്തി ശ്രമിക്കും.
മറ്റൊരു മാർഗമുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് നമുക്ക് കരുതലുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാർഗമാണിത്. ഞാൻ താങ്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു എന്ന് മറ്റൊരു സുഹൃത്തിനെ കാണുമ്പോൾ പറഞ്ഞാൽ എന്താണ് ചിന്തിച്ചത്, എന്നൊരു മറുചോദ്യം ഉടൻ ഉണ്ടാകില്ലേ? അത് വളരെ ആത്മാർത്ഥമായി ഹൃദയവികാരങ്ങൾ അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുന്ന ഒരു സംഭാഷണമായി മാറുമെന്നതിൽ സംശയമില്ല. പ്രതിസന്ധിയിൽപ്പെട്ട ഒരു സുഹൃത്തിനോട് ഹൗ ആർ യൂ എന്നല്ല ചോദിക്കേണ്ടത്. ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നാണ് ചോദിക്കേണ്ടത്. അപ്പോൾ പ്രതിവിധികളും അതിനോടനുബന്ധിച്ച മറ്റുകാര്യങ്ങളും ചർച്ചചെയ്യാൻ അവസരം തെളിയും.
ഞാൻ എന്താണ് ചെയ്യേണ്ടതെന്ന ഒരുമുഖവുരയോടെയും ഈ ഘട്ടത്തിൽ സംഭാഷണം ആരംഭിക്കാം. സന്തോഷം പങ്കുവയ്ക്കാനുള്ള ആശയവിനിമയ വേളകളിൽ ആ വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടും ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ടും സംഭാഷണം തുടങ്ങാൻ കഴിയും. വളരെ വിരസവും ക്ലീഷേ ആയിത്തീർന്നതുമായ സുഖമല്ലേ എന്ന പ്രയോഗത്തിൽ അല്പം മാറ്റം വരുത്തി അതിന് ഒരു വ്യക്തിപരമായ ടച്ച് കൊടുത്തുനോക്കുക. അപ്പോൾ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ആത്മാർത്ഥവും ഹൃദയംഗമവുമായ താത്പര്യമുള്ളവരാണെന്ന് അവർക്ക് മനസിലാകും. ബന്ധങ്ങൾ ലാവണ്യപൂർണമാക്കാനും ശക്തിപ്പെടുത്താനുമുള്ള നേരായ മാർഗമാണിത്.