
രാവണന്റെ സാമീപ്യം, ലങ്കയിലേക്കുള്ള യാത്ര, രക്ഷിക്കാനാരുമില്ലെന്ന യാഥാർത്ഥ്യം എന്നിവ സീതയെ അലട്ടിക്കൊണ്ടിരുന്നു.. നിരാശയോടെ ദേവി ജനനിയായ ഭൂമാതാവിനെ നോക്കി..പ്രതീക്ഷയുടെ ഒരുകിരണം പോലെ ഒരു പർവതം കണ്ണിൽ തെളിഞ്ഞു.അതിൽ അഞ്ചു വാനരവീരന്മാരും. പ്രതീക്ഷയ്ക്കൊപ്പം ബുദ്ധിയും വിവേകവും തെളിയുമല്ലോ. സീത തന്റെ ആഭരണങ്ങളിൽ ചിലത് ഉത്തരീയത്തിന്റെ ഒരുഭാഗം കീറി പൊതിഞ്ഞു. പിന്നെ ശ്രീരാമൻ എപ്പോഴെങ്കിലും ഇത് കാണാതിരിക്കില്ലെന്ന സങ്കല്പത്തോടെ വാനരന്മാരുടെ മദ്ധ്യത്തിലേക്ക് ഇട്ടുകൊടുത്തു.. എത്രയും വേഗം ലങ്കയിലെത്തണമെന്ന ചിന്തമാത്രം ശക്തമായ രാവണൻ ഇതൊന്നും അറിഞ്ഞില്ല..
വിലപിച്ചുകൊണ്ടിരിക്കുന്ന സീതാദേവിയെ വാനരന്മാർ ഇമവെട്ടാതെ അല്പനേരം നോക്കി.. കാര്യഗൌരവം അവർക്ക് പിടികിട്ടിയില്ല. അലമുറയിടുന്ന സീതാദേവിയേയും കൊണ്ട് രാവണൻ പമ്പാനദിയും കടന്ന് ലങ്കാനഗരത്തിലെത്തി. രാവണന്റെ മനസിൽ ആനന്ദം നിറഞ്ഞു, സീതാദേവിയുടെ മനസിലാകട്ടെ കടുത്ത വിഷാദവും നൈരാശ്യവും. തന്റെ വംശത്തിന്റെ അന്തകയെയും കൊണ്ടാണ് താൻ ലങ്കയെ സമീപിച്ചിരിക്കുന്നതെന്ന് രാക്ഷസചക്രവർത്തിക്ക് മനസിലായില്ല.. ഉഗ്രസർപ്പത്തെ മടിയിൽ വച്ചുകൊണ്ടാണ് തന്റെ യാത്രയെന്നും രാവണൻ ചിന്തിച്ചില്ല. ശരം പായുംപോലെ കാടും മലയും പുഴയുംകടന്ന് കടലിന്റെ മുകളിലെത്തി അസുരചക്രവർത്തി..
മുതലകളും തിമിംഗലും വിഹരിക്കുന്ന സമുദ്രത്തിന്റെ അക്കരയെത്താൻ അധികനേരം വേണ്ടിവന്നില്ല. സീതയേയും അപഹരിച്ചുകൊണ്ടാണ് രാവണൻ എത്തിയിരിക്കുന്നതെന്ന് പ്രകൃതിശക്തികൾ ഗ്രഹിച്ചു. സമുദ്രത്തിലെ തിരകളടങ്ങി. മുതലകളും തിമിംഗലങ്ങളും ഒളിച്ചു.. ആകാശസഞ്ചാരികളായ സിദ്ധന്മാരും ചാരണന്മാരും രാക്ഷസവംശത്തിന്റെ നാശം അടുത്തിരിക്കുന്നുവെന്ന് പരസ്‌പരം പറഞ്ഞു,
സ്വന്തം വംശത്തിന് തന്നെ മൃത്യുദേവതയായ സീതാദേവിയേയും വഹിച്ചുകൊണ്ട് രാവണൻ ലങ്കയിൽ പ്രവേശിച്ചുകഴിഞ്ഞു.. വന്മതിലുകളാൽ ചുറ്റപ്പെട്ട ലങ്കാപുരി, കൊട്ടാരത്തിലെ അന്തപ്പുരത്തിലേക്ക് ക്ഷീണതയും ദുഃഖിതയുമായ മൈഥിലിയെ രാവണൻ എത്തിച്ചു. സുന്ദരിയായ ഒരു സ്ത്രീയേയും കൊണ്ട് ചക്രവർത്തി എത്തിയതറിഞ്ഞ് രാക്ഷസികൾ ചുറ്റിനും കൂടി. അവരോടായി രാവണൻ ഇപ്രകാരം കല്പിച്ചു.. എന്റെ അനുമതിയില്ലാതെ ഒരാളും ഇവളെ കാണരുത്. മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ഇഷ്ടംപോലെ കൊടുക്കുക. ഇഷ്ടപ്പെടാത്ത ഒന്നും ചെയ്യരുത്. അത് ലംഘിച്ചാൽ പിന്നെ ആയുസുണ്ടാവില്ല. രാക്ഷസികൾ ചക്രവർത്തിയുടെ കല്പന ശിരസാവഹിച്ചു. ഇനി എന്ത് ചെയ്യണമെന്നാലോചിച്ച് പുറത്തേക്ക് വരുമ്പോൾ ഭീമാകാരന്മാരും ബലവാന്മാരുമായ എട്ട് മാംസഭോജികളായ അസുരന്മാർ നിൽക്കുന്നതു കണ്ടു, അവരെ പ്രശംസിച്ചുകൊണ്ട് രാവണൻ ഒരുകാര്യം ഓർമ്മിപ്പിച്ചു. നിങ്ങൾ ഏറ്റവും ബലവത്തായ അമ്പും വില്ലും എടുത്തുകൊണ്ട് ഖരൻ മുമ്പ് വസിച്ചിരുന്ന സ്ഥലത്തെത്തുക. അമിതബലശാലികളായ രാക്ഷസന്മാർ കാലപുരി പ്രാപിച്ച ആപ്രദേശത്ത് ന ിങ്ങൾസ്വൈരമായി പാർക്കുക. നിങ്ങൾക്ക് അശേഷം ഭയമില്ലെന്ന് എനിക്കറിയാം. ഖരഭൂഷണത്രിശിരസുകളെ അവിടെവച്ചാണ് ശ്രീരാമൻ നിഗ്രഹിച്ചത്.. അതോർക്കുമ്പോൾ എന്റെ പൌരുഷം തിളയ്ക്കുന്നു. ധൈര്യത്തേക്കാൾ കോപമാണ് എന്റെ മനസിനെ അടക്കിഭരിക്കുന്നത്. അവൻ നമ്മുടെ ആജന്മശത്രുവാണ്, പ്രതികാരം വീട്ടാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു, ചതുരംഗപ്പടയോടെ രാമനെ നിഗ്രഹിക്കാതെ എനിക്ക് ഉറക്കം വരില്ല. അവനെ വധിച്ചാൽ ദരിദ്രന് അമൂല്യമായ നിധികിട്ടിയ സന്തോഷമായിരിക്കും എനിക്ക്. നിങ്ങൾ അവിടെചെന്ന് ശ്രീരാമന്റെ ഓരോ ചലനവും നിരീക്ഷിക്കണം. അതെല്ലാം യഥാസമയം എന്നെ അറിയിക്കുകയും വേണം. അവിടെ വസിക്കുന്നതും സഞ്ചരിക്കുന്നതും നിങ്ങളുടെ യുദ്ധസാമർത്ഥ്യം എനിക്കറിയാം.. എങ്കിലും പിഴവ് പറ്റരുത്. സദാ ജാഗരൂകരായിരിക്കണം.
രാവണന്റെ വാക്കുകൾ രാക്ഷസവീരന്മാരെ സന്തോഷിപ്പിച്ചു. അവർ ഉത്സാഹത്തോടെ ലങ്കയിൽ നിന്ന് കാട്ടിലേക്ക് തിരിച്ചു. രാവണനാകട്ടെ സീതയെ തന്റെ അധീനതയിൽ കിട്ടിയത് ചിന്തിച്ച് സന്തോഷിച്ചു. അതേസമയം ശ്രീരാമനിലുള്ള ശത്രുത വർദ്ധിച്ചുവന്നു.. അജ്ഞതയും മായയും കൊണ്ട് വരാൻ പോകുന്നതൊന്നും ചിന്തിക്കാനുള്ള ത്രാണി രാക്ഷസചക്രവർത്തിക്കുണ്ടായില്ല.
ഫോൺ: 9946108220)