തിരുവനന്തപുരം: പക്ഷാഘാതം പിടിപെട്ട് തളർന്നുക്കിടക്കുന്ന സോമസുന്ദരത്തിന് അടിയന്തര ചികിത്സ വേണമെന്ന വലിയശാല വാർഡ് കൗൺസിലർ കൃഷ്ണകുമാറിന്റെ ഫോൺകാൾ കൊവിഡ് കൺട്രോൾ റൂമിലെത്തിയതോടെ ദമ്പതിമാരായ നഗരസഭാ ജീവനക്കാരൻ രജ്ഞുവും നഴ്സായ അനുഷയും ഡോക്ടർ ഇവാനും നഗരസഭാ ജീവനക്കാരായ സനൽ ബാബുവും ഷിബു രജ്ഞനും ചേർന്ന ടീം സജ്ജമായി. സോമസുന്ദരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ദിവസേന നൂറോളം ഫോൺകാളുകളാണ് ഇവിടേയ്ക്ക് വരുന്നത്. ഡോക്ടർ ഫോണിലൂടെ വിശദമായ വിവരം മനസിലാക്കി രോഗിയെ നേരിട്ടോ അല്ലാതെയോ ചികിത്സ നൽകുകയാണ് പതിവ്. കൊവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത സേവനമാണ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ ചെയ്യുന്നത്.