തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്താൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ജില്ലയിലെ ദുർബല പ്രദേശങ്ങളിൽ തയ്യാറെടുപ്പുകൾ തുടങ്ങാൻ ജില്ലാഭരണകൂടത്തോടെ ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചു. ജില്ലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളുടെ പൂർണവിവരം നൽകാൻ ഭൗമശാസ്ത്ര വകുപ്പിനോട് ജില്ലാദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു. 10നുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ പൂർണ വിവരങ്ങൾ, പ്രദേശത്തെ ആകെ ജനസംഖ്യ എന്നിവയടക്കമുള്ള റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
തലസ്ഥാനം സുരക്ഷിതമല്ല
മണ്ണിടിച്ചിലിനെ ആസ്പദമാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കിയ മാപ്പിൽ തലസ്ഥാന ജില്ല ഒട്ടും സുരക്ഷിതമായ സോണിൽ അല്ല. ജില്ലയിലെ 45.6 ചതുരശ്ര കിലോമീറ്റർ പ്രദേശം ഗുരുതരമായ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതാണ്. 114.9 ചതുരശ്ര കിലോമീറ്റർ നേരിയ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളവയുമാണ്. പെരിങ്ങമ്മല, അമ്പൂരി, വെള്ളറട എന്നിവ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. ഇപ്പോൾ തന്നെ കേരളത്തിൽ മഴ ലഭിക്കുന്ന സാഹചര്യമാണ്. അതിന് പിന്നാലെയാണ് കാലവർഷം കൂടി എത്തുന്നത്. അതുകൊണ്ട് പൊലീസിനോടും തദ്ദേശ ഭരണകൂടത്തോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും അതോറിട്ടി നിർദ്ദേശിച്ചു.
മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇത് തുടർന്നും പ്രവർത്തിക്കും. ദിവസവും ഉച്ചവരെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം ക്യാമ്പിലുണ്ടാകും. പരിശോധനയ്ക്കു പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്. 17 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്. കൊവിഡ് പരിശോധനയ്ക്ക് പുറമേ എല്ലാവർക്കും കൃത്യമായ മെഡിക്കൽ പരിശോധനയും നടത്തുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും മുഴുവൻ സമയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡൊമിസിലറി കെയർ സെന്ററുകളിലേക്കു മാറ്റും. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട ഹൈറിസ്‌ക്ക് ആയിട്ടുള്ളവരെ ഐസൊലേഷൻ സൗകര്യമുള്ള ബന്ധു വീടുകളിലേക്കും മാറ്റും.