ടൊമാറ്റോ ചിക്കൻ ഫ്രൈ
ചേരുവകൾ
കോഴിയിറച്ചി............മുക്കാൽ കിലോ
മഷ്റൂം.............. 100 ഗ്രാം
കോളിഫ്ലവർ................100 ഗ്രാം
തക്കാളിപൾപ്പ്..............ഒരുകപ്പ്
എണ്ണ............വറുക്കാൻ
മാരിനേറ്റിന്
സ്‌പ്രിംഗ് ഒനിയൻ ബൾബ്..............രണ്ടെണ്ണം
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്..............1 ടേ.സ്‌പൂൺ
മുളകുപൊടി............ഒന്നരടേ.സ്‌പൂൺ
കുരുമുളകുപൊടി..........അര ടീ.സ്‌പൂൺ
ഗരം മസാലപ്പൊടി.........അരടീ.സ്‌പൂൺ
കോൺഫ്ലോർ..........ഒരുടീ സ്‌പൂൺ
ഉപ്പ്..............പാകത്തിന്
മാരിനേറ്റ് തയ്യാറാക്കുന്നവിധം
രണ്ടു സ്‌പ്രിംഗ് ഒനിയൻ പൾപ്പ് നന്നായരക്കുക. മറ്റ് ചേരുവകൾ നന്നായരച്ച് വയ്ക്കുക. ഇത് ഇടത്തരം വലുപ്പത്തിൽ അരിഞ്ഞ കോഴികഷണങ്ങളിൽ പിടിപ്പിച്ച് വയ്‌ക്കുക. 15- 20 മിനിറ്റ് ഇതിനായി വയ്‌ക്കുക.
മഷ്റൂം കോളിഫ്ലവറും ഇടത്തരം വലിപ്പത്തിൽ അരിയുക. ഒരു ഫ്രയിംഗ് പാൻ ചൂടാക്കി ഒരു ടേ.സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. കോളിഫ്ലവറും മഷ്റൂം ഇട്ട് ഉപ്പും ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇത് വാങ്ങിവയ്‌ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് 2 ടേ.സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. കോഴികഷണങ്ങളും അവശേഷിക്കുന്ന മാരിനേറ്റും അതിലിട്ട് ഉയർന്ന തീയിൽഅഞ്ച് മിനിറ്റ് വഴറ്റുക. ചെറുതീയാക്കി പാകപ്പെടുത്തി മഷ്റൂമൂം കോളിഫ്ളവറും ചേർത്ത് 2 മിനിട്ട് വഴറ്റുക. തക്കാളി പൾപ്പ് ചേർത്തിളക്കുക. എല്ലാം നന്നായി വെന്താൽ വാങ്ങുക.
പ്രോൺസ് ഗീ റൈസ്
ചേരുവകൾ
ബസുമതയരി.......... 300 ഗ്രാം (കുതിർത്തത്)
ഉപ്പ്..........പാകത്തിന്
നാരങ്ങാനീര്..............1 ടേ.സ്‌പൂൺ
നെയ്യ്...............175 ഗ്രാം
സവാള........അഞ്ചെണ്ണം
മറ്റ് ചേരുവകൾ
ഏലയ്ക്ക...............അഞ്ചെണ്ണം
ഗ്രാമ്പൂ...........രണ്ടെണ്ണം
ബേലീഫ്.............രണ്ടെണ്ണം
പട്ട..........രണ്ടര സെ.മീ നീളത്തിൽ
കൊഞ്ചിന്
കൊഞ്ച്...............400 ഗ്രാം (വൃത്തിയാക്കിയത്)
എണ്ണ.............2 ടീ.സ്‌പൂൺ
കറിവേപ്പില...........2-3 തണ്ട് (ഉതിർത്തത്)
ഇഞ്ചി..........ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി..........10 അല്ലി
പച്ചമുളക്................നാലെണ്ണം (പിളർന്നത്)
മല്ലിപ്പൊടി............1 ടീ.സ്‌പൂൺ
മുളകുപൊടി..........അര ടീ.സ്പൂൺ
മഞ്ഞൾപ്പൊടി..........കാൽ ടീ.സ്‌പൂൺ
ഉപ്പ്..............പാകത്തിന്
തയ്യാറാക്കുന്നവിധം
ഏലയ്‌ക്ക, ഗ്രാമ്പൂ, ബേലീഫ്, പട്ട എന്നിവ പൊടിച്ച് വയ്ക്കുക. തീരെ പൊടിക്കേണ്ടതില്ല. ഇതൊരു മസ്ലിൻ തുണിയിൽ ഇട്ട് കെട്ടി പാത്രത്തിന്റെ വക്കിൽ തൂക്കി ഉള്ളിലേക്കിടുക. ഈ പാത്രത്തിൽ ഒന്നരലിറ്റർ വെള്ളം ഒഴിക്കുക. ഉപ്പിടുക. ഇത് തിളക്കുമ്പോൾ അരിയിടുക. ചെറുതീയിൽ വച്ച് തിളപ്പിക്കുക. ഇടയ്‌ക്ക് മാത്രം ഇളക്കുക. ഇനി വെള്ളത്തിലേക്ക് തൂക്കിയിട്ട മസാലക്കിഴി മാറ്റാവുന്നതാണ്.
എണ്ണ പാനിലൊഴിച്ച് ചൂടാക്കുക. കറിവേപ്പില, അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് വെളുത്തുള്ളി ഇളം ബ്രൗൺ നിറം ആകുംവരെ വറുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ 2 ടേ.സ്പൂൺ വെള്ളവുമായി ചേർത്തിളക്കി പേസ്റ്റ് രൂപത്തിലാക്കി ഇതിൽ ചേർക്കുക. ഈർപ്പം മാറുംവരെ ഇളക്കുക. കൊഞ്ചും ഉപ്പും ചേർത്ത് 3 മിനിറ്റ് വഴറ്രുക. വാങ്ങിവയ്ക്കുക.
ഒരുപാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. സവാള ഇട്ട് ഇളക്കി വറുത്ത് പൊൻനിറമാക്കുക. കൊഞ്ച് ചേർത്ത് ഈർപ്പം മാറുംവരെ വഴറ്റുക. ചോറ് ചേർത്ത് ഉടയാതെ ഇളക്കുക. 2-3 മിനിട്ടിന്ശേഷം വാങ്ങുക.
കൊഞ്ചുമസാല
ചേരുവകൾ
വലിയ കൊഞ്ച്...........16 എണ്ണം
എണ്ണ...........3 ടേ.സ്‌പൂൺ
സവാള..................300 ഗ്രാം (ചെറുതായരിഞ്ഞത്)
ഇഞ്ച്.........10 ഗ്രാം (നീളത്തിൽ വീതികുറച്ചരിഞ്ഞത്)
ഇഞ്ചി അരച്ചത്...............15 ഗ്രാം
വെളുത്തുള്ളി.............. 15ഗ്രാം
തക്കാളി...............400 ഗ്രാം (ചെറുതായരിഞ്ഞത്)
കുടമ്പുളി..........നാലെണ്ണം
മല്ലിപ്പൊടി...........15 ഗ്രാം
മുളകുപൊടി............12 ഗ്രാം
മഞ്ഞൾപ്പൊടി...........5 ഗ്രാം
കറിവേപ്പില.............നാല് തണ്ട്
ഉപ്പ്...............പാകത്തിന്
തേങ്ങാപ്പാൽ...............അരക്കപ്പ്
തയ്യാറാക്കുവിധം
കൊഞ്ചിന്റെ തോടും കറുത്ത ചരട് പോലുള്ള ഭാഗവും മറ്റും കളഞ്ഞ് കഴുകി വൃത്തിയാക്കി വയ്‌ക്കുക. കുടമ്പുളി കഴുകി ചൂട് വെള്ളത്തിൽ 10 മിനിറ്റിട്ട് വയ്‌ക്കുക. ഇതിനി ചെറുതായി അരിഞ്ഞ് വയ്‌ക്കുക. വെള്ളം ഊറ്റിക്കളയുക.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, സവാളയിട്ട് വറുത്ത് സുതാര്യമാകുമ്പോൾ ഇഞ്ചിയും പച്ചമുളകും ചേർക്കാം. വഴറ്റുക. സവാളയ്‌ക്ക് ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി - വെളുത്തുള്ളി അരപ്പുകൾ ചേർക്കാം. വെള്ളമയം മാറിയാൽ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾ എന്നിവ കാൽക്കപ്പ് വെള്ളവുമായി ചേർത്തിളക്കിയത് ചേർക്കാം. ഈർപ്പമയം മാറുംവരെ ഇളക്കുക. തക്കാളിയും കുടമ്പുളിയും അരിഞ്ഞത് ചേർക്കുക. രണ്ട് കപ്പ് വെള്ളവും ഉപ്പും ചേർക്കുക. ചെറുതീയിൽ വച്ച് തിളപ്പിച്ച് പകുതി വറ്റിയാൽ കൊഞ്ചിട്ട് തിളപ്പിക്കുക. കറിവേപ്പില ഇട്ട് നാല് മിനിറ്റ് ചെറുതീയിൽ വയ്‌ക്കുക. തേങ്ങാപ്പാൽ ഒഴിക്കുക. ചെറുതീയിൽ 2-3 മിനിട്ട് കൂടി വച്ചശേഷം വാങ്ങുക.
ഫിഷ് മോളി
ചേരുവകൾ
ദശകനമുള്ള മീൻകഷണങ്ങൾ..........12 എണ്ണം
എണ്ണ.................2 ടേ.സ്‌പൂൺ
കടുക്...............1 ടീ.സ്‌പൂൺ
വെളുത്തുള്ളി.........അഞ്ച് അല്ലി (ചെറുതായരിഞ്ഞത്)
ഇഞ്ചി...............രണ്ടര ഇഞ്ച് നീളത്തിലരിഞ്ഞത്
പച്ചമുളക്........അഞ്ചെണ്ണം (പിളർന്നത്)
സവാള...............150 ഗ്രാം (വളയങ്ങളായി കനം കുറച്ചരിഞ്ഞത്)
ഉപ്പ്.................പാകത്തിന്
കറിവേപ്പില............നാല് തണ്ട്
തക്കാളി...................മൂന്നെണ്ണം
മഞ്ഞൾപ്പൊടി...............അര ടീ.സ്‌പൂൺ
തേങ്ങാപ്പാൽ................അരക്കപ്പ് (മൂന്നാം പാൽ)
തേങ്ങാപ്പാൽ (രണ്ടാം പാൽ)..........മുക്കാൽ കപ്പ്
ഒന്നാം പാൽ...................മുക്കാൽകപ്പ്
നാരങ്ങാനീര്............ഒരു ടേ.സ്‌പൂൺ
തയ്യാറാക്കുന്നവിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. കടുകിട്ട് വറുക്കുക. പൊട്ടുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതിട്ട് ഒരു മിനിട്ട് ഇളക്കുക. പച്ചമുളക് പിളർന്നതിട്ട് ചെറുതായൊന്നിളക്കുക. സുതാര്യമാകും വരെ വഴറ്റുക. മഞ്ഞളിട്ടിളക്കുക. മീൻ കഷണങ്ങളിട്ട് മൂന്നാംപാൽ ഒഴിക്കുക. തിളപ്പിക്കുക. ചെറുതീയിൽ മീൻ കഷണങ്ങൾ പതിയെ മറിച്ചിട്ട് മൂന്നുമിനിട്ട് വേവിക്കുക. ഉപ്പിട്ടിളക്കുക. കറിവേപ്പില ഉതിർത്തത് ഇട്ട് തക്കാളിയും രണ്ടാംപാലും ചേർക്കുക. അടച്ച് ചെറുതീയിൽ മൂന്ന് മിനിട്ട് വയ്ക്കുക. വാങ്ങിവച്ച് ഒന്നാംപാലൊഴിക്കുക. വീണ്ടു ചെറുതീയിൽ വച്ച് തിളപ്പിക്കുക. നാരങ്ങാനീര് തളിക്കുക. സൂക്ഷ്മപൂർവ്വം ഇളക്കുക. വാങ്ങുക. ചോറിനൊപ്പം വിളമ്പാം.