cardamom

തണുപ്പുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നവയാണ് ഏലം. സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം നല്ലൊരു ഔഷധം കൂടിയാണ്. ഏലം കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സ്ഥലത്ത് തണൽ കൂടുന്നതും കുറയുന്നതും വളർച്ചയെ പ്രതികൂലമായി ബാധിക്കും. ദിവസവും പരിചരണം നൽകേണ്ട വിളയാണെന്ന് പറയാം. മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴയ്‌ക്കുമുമ്പായി 90 സെന്റിമീറ്റർ നീളത്തിലും 90 സെന്റിമീറ്റർ വീതിയിലും 45 സെന്റിമീറ്റർ ആഴത്തിലും കുഴികൾ എടുത്തു വേണം തൈകൾ നടാൻ. കുഴിയിൽ നിന്ന് എടുത്ത മേൽമണ്ണ് മുന്നിലൊരു ഭാഗം ബാക്കി ജൈവവളങ്ങളും കൂട്ടിക്കലർത്തി മണ്ണും ചേർത്ത് നിറച്ച തൈകൾ നടാവുന്നതാണ്. ഏലം കൃഷിക്ക് തൈകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച വിളവ് തരുന്ന ഇനങ്ങൾ വേണം തിരഞ്ഞെടുക്കാൻ.

വേനൽക്കാലത്ത് നന്നായി ജലസേചനം നടത്തേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. നല്ല വളം നൽകിയാൽ ഏലത്തിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. വളപ്രയോഗം ഏലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. രാസവളം നൽകുമ്പോൾ മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ നൽകാവൂ. ഏലത്തിന് എറ്റവും മികച്ച വളം ജൈവ വളമാണ്. ചെടിക്ക് രണ്ട് കിലോ വേപ്പിൻ പിണ്ണാക്കോ അല്ലെങ്കിൽ കോഴിക്കാഷ്‌ടമോ കാലി വളമോ നൽകാവുന്നതാണ്. കൂടാതെ യൂറിയ, പൊട്ടാഷ് എന്നിവയും നൽകാം. ഉണങ്ങിയ ഇലകളും വേരുകളുമൊക്കെ കൃത്യസമയത്ത് നീക്കം ചെയ്യണം. ഏലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഏലപ്പേൻ, കായ്‌തുരപ്പൻ, വെള്ളീച്ച, കമ്പിളിപുഴുക്കൾ എന്നിവ. പാകത്തിന് വിളഞ്ഞതും അധികം പഴുക്കാത്തതുമായ ഏലക്കായ്‌കളാണ് വിളവെടുക്കേണ്ടത്. വർഷത്തിൽ രണ്ട് തവണ വിളവെടുപ്പ് നടത്താം.