vijay

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം മൊഴിമാറ്റം ചെയ്യാറുണ്ട്. ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയതാരം. മൊഴിമാറ്റമല്ലാതെ താരം നേരിട്ട് അഭിനയിക്കുന്ന ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്.

ദേശിയ പുരസ്കാര ജേതാവായ വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക്-തമിഴ് ബൈലിംഗ്വൽ ആയിട്ടാവും സിനിമ റിലീസ് ചെയ്യുന്നത്. പ്രശസ്‍ത നിർമ്മാതാവായ ദിൽ രാജു ആണ് ചിത്രത്തിന്റെ നിർമ്മാണം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ ദളപതി 66 എന്ന ഹാഷ്ടാ​ഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാവുകയാണ്.

എന്നാൽ പ്രോജക്റ്റിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂൺ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മഹേഷ് ബാബു നായകനായ 'മഹർഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വംശി.