വീടിനുള്ളിലെ അതിശയകരമായ ഊർജത്തെ സംബന്ധിച്ചുളള തുടർച്ചയാണ് ഇക്കുറിയും. ഇനി പറയാനുള്ളത് വീടിനുള്ളിൽ നേർ തെക്കു കിഴക്കുനിന്ന് വടക്ക് പടിഞ്ഞാറേയ്ക്ക് ഒഴുകുന്ന ഊർജമാണ്. പാരമ്പര്യ വാസ്തുവിൽ ഇതിനെ കർണ സൂത്രമെന്ന് പറയും. നമ്മുടെ ചെവിപോലെ എന്നർത്ഥം. വീട്ടിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന മൊത്ത ഊർജത്തിന്റെ 20 ശതമാനം തെക്കുകിഴക്ക് കേന്ദ്രീകരിക്കുന്നു. ഈ ഊർജം നേർ വടക്കു പടിഞ്ഞാറിലേയ്ക്കാണ് വരുന്നത്. പതുക്കെ ഒഴുകി വരുകയും എന്നാൽ നേർത്ത് നേർത്ത് അത് വടക്കു പടിഞ്ഞാറേ മൂലയിൽ നിലച്ചു പോകുകയും ചെയ്യുന്നു. അതായത് കർണസൂത്രം വീടിന് പുറത്ത് പോകുന്നില്ലെന്ന് അർത്ഥം.
എന്നാൽ വടക്കു പടിഞ്ഞാറേ അറ്റം വരെയെത്താൻ വഴികൊടുക്കുകയും വേണം. എതിർദിശയിൽ ജനാലയോ കട്ടിളയോ ഉണ്ടെങ്കിൽ അതുവഴി വടക്കുമൂലയിൽ അത് ഒഴുകിപ്പരന്നു കൊള്ളും. അങ്ങനെ ഒഴുകിപ്പരക്കാനുള്ള അവസ്ഥ സംജാതമാക്കണം. കഴുത്തിന് മുകളിലും തലയ്ക്കുമുണ്ടാകുന്ന തുടർച്ചയായ രോഗങ്ങൾ ഈ ഊർജ ഒഴുക്കിനെ ആശ്രയിച്ചാണെന്ന് വിശ്വാസമുണ്ട്. വീടുകളിലെ അന്തേവാസികളുടെ ശരിയായ വളർച്ചയും പുരോഗതിയുമൊക്കെ ഇതുമായി ബന്ധപ്പെടുന്നുണ്ട്. ഈ ഊർജത്തിന് മനുഷ്യ ശരീരത്തിലെ രണ്ട് പ്രധാന നാഡികളായ ഇഡ, പിംഗള എന്നിവയെ സ്വാധിനിക്കാൻ ശേഷിയുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇനി നോക്കേണ്ടത് വീടിനുള്ളിൽ മൊത്തത്തിലുള്ള ഊർജ ഉയിർപ്പാണ്. ഭാരം നിശ്ചിത അനുപാതത്തിലേറെ എവിടെയാണോ അവിടെനിന്ന് ഊർജം ചുഴലി മാതൃകയിലോ വൃത്താകൃതിയിലോ ഉയർന്നു പൊങ്ങും. ഇങ്ങനെ ഉയർന്നു പൊങ്ങുമ്പോൾ അതിന്റെ തള്ളൽ എപ്പോഴും ക്ലോക്ക് ഓടുന്ന പോലെ ആയിരിക്കും. അതായത് ഇടത്തുനിന്ന് വലത്തോട്ടായിരിക്കും. വീടിനുള്ളിൽ ഭാരം നിശ്ചിത അനുപാതത്തിലേറെയുണ്ടാവുന്നത് കോണിപ്പടി ഭാഗത്താണ്. അപ്പോൾ ഉയർന്ന് പോകുന്ന ഊർജത്തെ രക്തം ഓടുന്നതു പോലെ ക്ലോക്ക് ഓട്ടത്തിന് സമമാക്കേണ്ടതുണ്ട്. ഉയരം വേണ്ടത് പടിഞ്ഞാറും തെക്കുമാണ്. പക്ഷേ തെക്ക് ആവശ്യത്തിലേറെ ഊർജമുണ്ട് താനും. വീണ്ടും ഊർജത്തെ തെക്കിലേക്ക് വിട്ടാൽ അത് പ്രതിസന്ധിയുണ്ടാക്കും. എന്നാൽ നേർ പടിഞ്ഞാറിലേക്ക് വിടാം.
പടിഞ്ഞാറിലേക്ക് കോണിപ്പടി അഥവാ സ്റ്റെയർ വയ്ക്കേണ്ടത് ഇക്കാരണത്താലാണ്. പടിഞ്ഞാറേക്ക് കയറി വടക്കോട്ട് തിരിഞ്ഞ് കൃത്യമായി ഊർജം ഉയർന്നും ഒഴുകിയും അതിന്റെ വഴിതെളിച്ചു കൊള്ളും. സ്റ്റെയർ വടക്കു പടിഞ്ഞാറേയ്ക്ക് കേന്ദ്രീകരിച്ചാലും വലിയ പ്രശ്നമില്ല. പക്ഷേ മറ്റു ഏത് സ്ഥലത്തേയ്ക്ക് നിന്നാലും അത് പ്രതിസന്ധിയായി മാറുന്നത് കാണാം. നേർകിഴക്കോ, വടക്കു കിഴക്കോ, തെക്ക് കിഴക്കോ, തെക്കുപടിഞ്ഞാറോ, നേർവടക്കോ ഒന്നും സ്റ്റെയർ വരരുത്. അത് ഉയരുന്ന ഊർജത്തെ അപ്രസക്തമാക്കി അലോസരപ്പെടുത്തും. മറ്റുള്ള അദൃശ്യഊർജങ്ങളുമായി സംഗമിച്ച് ചിന്തിക്കാത്തതൊക്കെ സംഭവിക്കും. സ്ത്രീകളെയും പുരുഷന്മാരെയും ഇത് സാരമായി തന്നെ ബാധിക്കാറുണ്ട്. ചിന്താശക്തി മുതൽ വ്യക്തി ജീവിതത്തെ വരെ ഇത് സ്വാധീനിക്കുന്നുണ്ട്.
വീടിനുള്ളിലെ ഊർജ ഉയിർപ്പിനെ രുദ്രാക്ഷത്തിലെ പെൻഡുലത്തിന് സമാനമായ ചലനമായി ഋഷി വര്യന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്. ശാസ്ത്രവും ഇതു തന്നെ ശരിവയ്ക്കുന്നുവെന്ന് ആധുനിക ഗവേഷണങ്ങളും തെളിയിക്കുന്നു. ഈയൊരു വിശ്വാസത്തിൽ നിന്നാണ് രുദ്രാക്ഷം വീട്ടിൽ വച്ചാൽ വാസ്തു ദോഷത്തിന് പരിഹാരമാവുമെന്നൊക്കെ ആളുകൾ വിശ്വസിച്ചിരുന്നത്. സത്യത്തിൽ രുദ്രാക്ഷം വീട്ടിനുള്ളിൽ വയ്ക്കുമ്പോഴോ ധരിക്കുമ്പോഴോ അനുകൂല ഊർജം ഉണ്ടാകുമെന്നത് ഉറപ്പാണ്. പക്ഷേ അത് വാസ്തു ദോഷം ഇല്ലാതാക്കുമെന്ന് ഇനിയും തെളിയിക്കപ്പെടാത്തതാണ്. എന്നാൽ മേൽപ്പറഞ്ഞ മാതൃകയിൽ ഊർജത്തെ നാം തന്നെ വീട്ടിനുള്ളിൽ ശരിയായി വിന്യസിച്ചെടുത്താലെ ഗുണകരമായ ഊർജ വിന്യാസവും വീട്ടിലെ അന്തേവാസികൾക്ക് ഗുണകരവും ശ്രേയസ്ക്കരവുമായ ജീവിതവും ഉണ്ടാകുകയുള്ളൂ.