തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില ചാക്കിന് 510 രൂപയായി കൂടി. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്‍റിന്‍റെ ശരാശരി വില. ലോക്ക്ഡൗൺ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില.
പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
കമ്പനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കമ്പി വിലയും സംസ്ഥാനത്ത് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായും അടുത്തദിവസം യോഗം വിളിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.
സ്റ്റീല്‍, ക്രഷര്‍ ഉത്‌പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്‍റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
സംസ്ഥാനത്ത് ഇന്ധനവില ദിനംപ്രതി കൂടുന്നത് സാധാരണക്കാരന്‍റെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിൻ്റെ മറവിൽ വിലക്കയറ്റം സംസ്ഥാനത്ത് അതിരൂക്ഷമാവുകയാണെന്നാണ് ആക്ഷേപം. പച്ചക്കറികൾക്ക് ഇരുപത് രൂപ മുതൽ അറുപത് രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൂടിയ വില നൽകി വാങ്ങുക അല്ലാതെ മറ്റു മാർഗമില്ലെന്ന് സാധനം വാങ്ങാൻ എത്തുന്നവരും പറയുന്നു.
30 രൂപയ്ക്ക് വിറ്റിരുന്ന വെണ്ടയ്ക്കയുടെ വില 80 രൂപയിൽ എത്തി. 60 രൂപയ്ക്കും 40 രൂപയ്ക്കും ലഭിച്ചിരുന്ന നാരങ്ങക്ക് 80 മുതൽ 100 രൂപ വരെയാണ് നിലവിലെ വില. കിലോ 60 രൂപയ്ക്ക് വിറ്റ പയർ 100 രൂപയായി. തക്കാളി 20 രൂപയിൽ നിന്നും 30 രൂപ ആയി ഉയർന്നു. കത്തിരിക്കയുടെ വില 30 രൂപയിൽ നിന്നും 40 രൂപയിലേക്കെത്തി.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്നാണ് വിവരം. ദിനംപ്രതി വില ഉയരുമ്പോഴും വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.