jyothi

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് പരിക്കേ‌റ്റ അച്ഛന് വേണ്ടി 1200 കിലോമീ‌റ്റർ ദൂരം സൈക്കിൾ ചവിട്ടിയ ജ്യോതികുമാരി എന്ന 14കാരി രാജ്യത്തെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു. ജ്യോതിയെ വിട്ട് അവളുടെ പ്രിയപ്പെട്ട അച്ഛൻ വിടപറഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ജ്യോതിയുടെ അച്ഛൻ മോഹൻ പസ്വാൻ ഇന്ന് മരണമടഞ്ഞു.

ഇ-റിക്ഷ ഡ്രൈവറായി ഡൽഹിക്കടുത്ത് ഗുഡ്‌ഗാവിൽ ജോലി നോക്കിയിരുന്ന മോഹന് കഴിഞ്ഞ വർഷം മാർച്ചിൽ വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെയായി. ലോക്ഡൗൺ കാരണം വരുമാനം നിലച്ചതോടെ ഇവർ തിരികെ വീട്ടിൽ പോകാൻ തീരുമാനിച്ചു.

എന്നാൽ വാഹനം ഓടിക്കാൻ തനിക്ക് കഴിയില്ല എന്ന് മോഹൻ അറിയിച്ചതോടെയാണ് 1200 കിലോമീ‌റ്റർ അകലെയുള‌ള സ്വന്തം നാടായ ബീഹാറിലെ ദർഭംഗയിലേക്ക് സൈക്കിളിൽ പോകാം എന്ന് ജ്യോതികുമാരി പറഞ്ഞത്. അങ്ങനെ തന്റെ സൈക്കിളിൽ ഏഴ് ദിവസം കൊണ്ട് ഡൽഹിയിൽ നിന്നും അവർ ബീഹാറിലെത്തി. ഇതിൽ രണ്ട് ദിവസം മതിയായ ഭക്ഷണം പോലും ഇരുവരും കഴിച്ചിരുന്നില്ല.

ജ്യോതിയുടെ വാർത്ത വൈകാതെ വളരെ ജനപ്രീതി നേടി. കുടിയേ‌റ്റ തൊഴിലാളികളുടെ ദൈന്യതയുടെ പ്രതീകമായി അവൾ മാറി. ജ്യോതിയുടെ ധൈര്യപൂർവമായ പ്രവർത്തി അവൾക്ക് പ്രധാനമന്ത്രി രാഷ്‌ട്രീയ ബാൽ പുരസ്‌കാരം നേടിക്കൊടുത്തു. രാജ്യത്തെ പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ആനന്ദ് കുമാർ തന്റെ സൂപ്പർ 30 കോച്ചിംഗ് സെന്ററിൽ ജ്യോതി ഐഐടിയ്‌ക്ക് പഠിക്കുമ്പോൾ സൗജന്യ ട്യൂഷൻ നൽകാമെന്ന് വാക്ക് നൽകി.

ജന്മനാടായ ബീഹാറിൽ ലോക് ജനശക്തി പാർട്ടി ജ്യോതിയുടെ വിദ്യാഭ്യാസം സ്‌പോൺസർ ചെയ്യാമെന്ന് വാഗ്‌ദാനം നൽകി. സമാജ്‌വാദി പാർട്ടി ജ്യോതിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ സാമ്പത്തിക സഹായം നൽകി. സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജ്യോതിയെ ട്രയൽസിന് ക്ഷണിക്കുകയും ചെയ്‌തിരുന്നു.