ന്യൂഡൽഹി: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ചിട്ടും ഹാജരാകാതിരുന്ന ആലാപൻ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്. പേഴ്‌സണൽ ആന്‍റ് ട്രെയിനിംഗ് വകുപ്പിൽ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്‌തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ആലാപൻ ബന്ധോപാദ്ധ്യക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച കത്ത് മമത കേന്ദ്രസർക്കാരിന് അയച്ചത്.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ സർക്കാർ പ്രതിനിധികൾ വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിപ്പിച്ചത്.
ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും ബി ജെ പിക്ക് ഇതിനേക്കാൾ തരംതാഴാൻ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്നുമാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. എന്നാൽ മമതയുടെ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ വൃത്തങ്ങളും ബി ജെ പി നേതാക്കളും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്ന് പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുളള നീക്കം നടന്നിട്ടില്ലെന്നാണ് അവർ പറയുന്നത്.