കാട്ടിലെ രണ്ട് കരുത്തരായ മൃഗങ്ങളാണ് ആനയും കടുവയും. വലുപ്പത്തിന്റെ കാര്യത്തിൽ ഒന്നാമനാണ് ആനയെങ്കിൽ ആഹാരശൃംഖലയിൽ രാജ്യത്തെ മിക്ക കാടുകളിലും ഒന്നാമതാണ് കടുവ. സിംഹങ്ങളുളള ഗീർ വനത്തിൽ മാത്രമേ ഇതിന് അപവാദമുളളു. ഇവിടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കടുവകളെ കണ്ടെത്തിയിട്ടില്ല.
ഈ കരുത്തന്മാർ രണ്ടും നേർക്കുനേർ വന്നാൽ ആരാകും വിജയിക്കുക? ഓരോരുത്തർക്കും ഓരോ ഉത്തരമാകും. ഉണ്ടാകുക. എന്നാൽ ഇത്തരമൊരു വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുകയാണ് ബോളിവുഡ് നടി ദിയ മിർസ. കാട്ടിലെ വഴിയിൽ വിശ്രമിക്കുകയായിരുന്നു ഒരു കടുവ. ആ സമയം പിന്നിൽ നിന്നും ഒരു വലിയ കൊമ്പനാന നടന്നുവരുന്നു. ആന തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് കടുവ അറിഞ്ഞത്. മണംകിട്ടിയതും ഉടനെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് ചാടി കടുവ രക്ഷപ്പെട്ടു. കടുവ വഴിയിൽ കിടക്കുന്നത് കണ്ടെങ്കിലും കൊമ്പനാനയ്‌ക്ക് കൂസലൊന്നുമുണ്ടായില്ല.
കാട്ടിലെ എത്ര വലിയ വേട്ടക്കാരനെന്ന് പറഞ്ഞാലും കടുവ ആനയോട് കളിക്കില്ലെന്നാണ് വീഡിയോ കണ്ട ചിലർ പറയുന്നത്. ആനയും കടുവയും നേർക്കുനേർ വന്ന വീഡിയോ ഒരുലക്ഷത്തോളം പേരാണ് ഇതിനകം കണ്ടത്. ആയിരക്കണക്കിന് കമന്റുകളും വന്നു.
പൊതുവെ ഇടത്തരം വലുപ്പമുളള മൃഗങ്ങളാണ് കടുവയുടെ ആഹാരം. പന്നികൾ. കുരങ്ങ്, മാൻ, മ്ളാവ് മുതൽ പാമ്പുകളെ വരെ പിടികൂടാം. ആനകളെയും കടുവ വേട്ടയാടാറുണ്ടെങ്കിലും അത് അപൂർവമാണ്. 2009ൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരു കൊമ്പനാനയെ കടുവ വേട്ടയാടി കൊന്നിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൂന്നാറിലെ ഇടമലക്കുടിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ പിടിയാനയെയും പത്ത് മാസം പ്രായമുളള കുട്ടിയാനയെയും കണ്ടെത്തിയിരുന്നു. പിടിയാന പിന്നീട് ചെരിഞ്ഞു. കുട്ടിയാന ഇപ്പോൾ തിരുവനന്തപുരം കാപ്പുകാടുളള ആന പരിപാലന കേന്ദ്രത്തിൽ സംരക്ഷണത്തിലാണ്.
Watch what happens at the end! @SanctuaryAsia is looking for the person who captured this video. Kindly share in comments 💚 @BittuSahgal @vivek4wild @wti_org_india pic.twitter.com/H2FbIE2xYv
— Dia Mirza (@deespeak) May 28, 2021