isha-foundation-

കോയമ്പത്തൂർ : രാജ്യമെമ്പാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളിൽ വൈറസ് വ്യാപനം ഫലപ്രദമായി ചെറുക്കുവാൻ കഴിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മൂവായിരത്തോളം സന്നദ്ധപ്രവർത്തകരുള്ള ഈശ ആശ്രമം ഇക്കാര്യത്തിൽ മാതൃകയാവുകയാണ്. ആശ്രമത്തിൽ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാൻ ഇവർക്കായി. ഇതിനായി ആശ്രമവാസികൾ ചില ചിട്ടകൾ ഒരു വർഷമായി പിന്തുടരുകയാണ്.

ഈശ ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്പത്തൂരിൽ പട്ടണപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാൽ ആശ്രമത്തിൽ സ്വയം സ്വീകരിച്ച കർശനമായ ലോക്ക്ഡൗൺ പ്രോട്ടോക്കോളുകളും ജീവിത രീതികളുമാണ് കൊവിഡിനെ അകറ്റുന്നത്. കഴിഞ്ഞ ഒരു വർഷമായി ആശ്രമത്തിലേക്ക് അതിഥികളെ ആരെയും പ്രവേശിപ്പിക്കാറില്ല. ഇതിന് പുറമേ ആശ്രമത്തിന്റെ യോഗ അടക്കമുള്ള പുറത്ത് പോയി ചെയ്യുന്ന പ്രോഗ്രാമുകളും നിർത്തിവച്ചിരിക്കുകയാണ്. പകരം ഓൺലൈൻ സാദ്ധ്യത തേടുകയാണ് ചെയ്തത്. ഇതിന് പുറമേ ആശ്രമത്തിന് അകത്ത് പുതിയ ചിട്ടകൾ കൊണ്ടുവന്നു. അതിൽ പ്രധാനം മാസ്‌ക് ധരിക്കലാണ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ രണ്ട് മണിക്കൂർ കൊവിഡ് പ്രതിരോധ സന്ദേശമടങ്ങിയ ബോർഡും പിടിച്ച് നിൽപ്പ് ശിക്ഷയാണ് ഇവിടെ.

അതേസമയം ആശ്രമത്തിനകത്തെ പ്രവർത്തനങ്ങളിൽ യാതൊരു മുടക്കവും വന്നിട്ടില്ല. സന്ദർശകരില്ലെങ്കിലും യോഗ സെഷനുകൾ, പാചകം, പൂന്തോട്ടപരിപാലനം, കൃഷി, ഗ്രാഫിക് ഡിസൈൻ, സംഗീതം തുടങ്ങിയ നിയോഗിക്കപ്പെട്ട പ്രവർത്തനങ്ങളിൽ ആശ്രമവാസികൾ മുഴുകുന്നുണ്ട്. കൊവിഡ് കാലമായതിനാൽ ദിവസവും ഇവരുടെ താപനില പരിശോധിക്കുന്നു, സാമൂഹിക അകലം എന്നിവ പോലുള്ള പ്രതിരോധ നടപടികൾ ഉറപ്പ് വരുത്തുന്നുമുണ്ടെന്ന് ഈശ യോഗ സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ മാ ജയേത്രി പറയുന്നു.

isha-foundation-

​​​​​​യോഗയും ആയൂർവേദ വിധിപ്രകാരമുള്ള ഭക്ഷണവുമാണ് കൊവിഡിനെ പ്രതിരോധിക്കാൻ ആശ്രമവാസികളെ സഹായിക്കുന്നത്. 'ഞങ്ങൾക്ക് ഇവിടെയുള്ള ഭക്ഷണം സാത്വിക ഭക്ഷണമാണ് ... കൂടുതലും പാചകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ദിവസത്തിൽ രണ്ടുതവണയാണ്,' ഈശാ യോഗ ആശ്രമത്തിലെ മെഡിക്കൽ കോർഡിനേറ്റർ ഡോ. സുമൻ പറഞ്ഞു. ഇതിന് പുറമേ സന്നദ്ധപ്രവർത്തകർ എല്ലാവരും പതിവായി യോഗ പരിശീലനത്തിൽ മൂന്ന് മിനിട്ട് സിംഹ ക്രിയ പരിശീലിക്കുന്നു, ഇത് ശ്വാസകോശത്തിന്റെ ശ്വസന ശേഷിയും, രോഗപ്രതിരോധ ശേഷിയും ശക്തിപ്പെടുത്തും. ഇതിന് പുറമേ ആശ്രമത്തിൽ തയ്യാറാക്കുന്ന നിൽവെമ്പു കഷായവും നൽകുന്നു.

ആശ്രമത്തിൽ കൊവിഡിന് പ്രവേശനം നിഷേധിക്കുമ്പോഴും സമീപത്തെ 43 ഗ്രാമങ്ങളിൽ കൊവിഡ് വ്യാപനം തടയുന്നതിനും ആശ്രമം അധികൃതർ ശ്രദ്ധ നൽകുന്നു. കോയമ്പത്തൂർ നഗരപരിധിയിൽ കേസുകൾ ഉയർന്നിട്ടും ആശ്രമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ താരതമ്യേന കൊവിഡ് വ്യാപനം കുറവാണ്. ദിവസവും ഒരു ലക്ഷത്തോളം ആളുകൾക്ക് 15 സസ്യങ്ങളിട്ട് തയ്യാറാക്കുന്ന പാനീയം ആശ്രമം വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.