ee

സ്ത്രീകൾക്ക് ഏകഭർത്താവിനോടൊപ്പം മാത്രം ജീവിക്കാനിടവരുന്നതിനായി വിവാഹത്തിനു മുമ്പായി അരുന്ധതി നക്ഷത്രത്തെ കാണിക്കുന്ന ഒരാചാരം ഭാരതത്തിൽ നിലവിലുണ്ട്. ഈ ആചാരത്തിന് നിദാനമായ സംഭവമാണ് ഈ കഥയിലെ പ്രതിപാദ്യം. ആദിയിൽ ബ്രഹ്മാവ് സൃഷ്‌ടി നടത്തിയിരുന്നപ്പോൾ ജീവികൾക്ക് ബാല്യ, കുമാര - യൗവന ദശകൾ ഇല്ലാതെ പൂർണ വളർച്ച പ്രാപിച്ച രീതിയിലാണ് ജനിച്ചിരുന്നത്. ബ്രഹ്മാവിന്റെ പുത്രിയായ സന്ധ്യയും തികഞ്ഞ ഒരു തരുണീമണിയായാണ് ജനിച്ചത്. ജനിച്ചയുടനെ തന്നെ സഹോദരന്മാരായ പ്രജാപതികളും പിതാവായ ബ്രഹ്മാവും കാമവികാരത്തോടെ അവളെ നോക്കാനിടയായി.

സന്ധ്യക്കു തിരിച്ചും സമാനമായ ഒരു വികാരം ഉണ്ടാകാതിരുന്നില്ല. പിതാവും സഹോദരന്മാരും കാമവികാരത്തോടെ നോക്കിയ ശരീരം തനിക്കാവശ്യമില്ലെന്നും സ്വയം പഴിച്ചുകൊണ്ട് ശരീരം അഗ്നിയിൽ ഹോമിക്കാൻ അവൾ തീരുമാനിച്ചു. അഗ്നിപ്രവേശം ചെയ്യുന്നതിനു മുമ്പായി തപസ് ചെയ്ത് ആത്മശുദ്ധി വരുത്തുന്നതിനായി അവൾ വനത്തിലേക്ക് പോയി. തപസിന്റെ ചിട്ടവട്ടങ്ങളൊന്നും പഠിച്ചിട്ടില്ലാത്ത മകൾക്ക് അവ പറഞ്ഞുകൊടുക്കുന്നതിന് വസിഷ്ഠ മഹർ‌ഷിയെ ബ്രഹ്മാവ് ചുമതലപ്പെടുത്തി. സന്ധ്യയുടെ സമീപമെത്തിയ വസിഷ്ഠൻ തപസിന്റെ ചിട്ടകളൊക്കെ പറഞ്ഞുകൊടുത്തു. എന്നാൽ വസിഷ്ഠനിൽ നിന്നും കാമവികാരത്തോടുകൂടിയ ഒരു സമീപനവും ഉണ്ടാകാത്തതിൽ മഹർഷിയോട് ഒരു സ്നേഹബഹുമാനം സന്ധ്യയിൽ ഉടലെടുത്തു. ചിട്ടകളൊക്കെ പറഞ്ഞുകൊടുത്തശേഷം വസിഷ്ഠൻ യാത്രയായി.

തപസിന്റെ മുറകളൊക്കെ മനസിലാക്കിയ സന്ധ്യ വിഷ്‌ണുവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസിൽ മുഴുകി. തൃപ്തനായ വിഷ്‌ണു പ്രത്യക്ഷനായി സന്ധ്യയുടെ ആവശ്യം എന്തെന്നു ചോദിച്ചു. ജനിച്ചപ്പോൾ അവൾക്കുണ്ടായ അനുഭവം അവൾ വിശദീകരിച്ചു. കൂടാതെ ജീവികൾ ജനിച്ചുവളർന്ന് കുറെ പക്വത എത്തിയതിനു ശേഷം മാത്രം കാമവികാരം ഉണ്ടായാൽ മതിയെന്ന ഒരു വ്യവസ്ഥ നിലവിൽ വരണമെന്നും അവൾ ഭഗവാനോടഭ്യർത്ഥിച്ചു. സന്ധ്യയുടെ ആവശ്യം ന്യായമാണെന്നു തോന്നിയ വിഷ്‌ണു ''ഇനി മുതൽ അങ്ങനെ തന്നെ."" എന്നനുഗ്രഹിച്ചശേഷം ''സന്ധ്യേ, നിന്റെ ഈ ശരീരം അഗ്നിയിൽ ഹോമിക്കപ്പെടണമെന്നത് നേരത്തെ കല്പിതമാണ്." എന്നും ''അഗ്നിയിൽ പ്രവേശിക്കുമ്പോൾ അടുത്തജന്മം ആരെ ഭർത്താവായി ലഭിക്കണമോ ആ വ്യക്തിയെ മാത്രം മനസിൽ വിചാരിക്കണം" എന്നും ഉപദേശിച്ച ശേഷം വിഷ്‌ണു മറഞ്ഞു. വിഷ്‌ണുവിന്റെ ഉപദേശം അനുസരിച്ച് വസിഷ്ഠനെ മനസിൽ വിചാരിച്ച് കൊണ്ട് അവൾ അഗ്നിപ്രവേശം ചെയ്തു.

അടുത്ത ജന്മത്തിൽ സന്ധ്യ, കർദമ പ്രജാപതിക്ക് ദേവഹൂതി എന്ന ഭാര്യയിൽ അരുന്ധതി എന്ന മകളായി ജനിച്ചു. ബാല്യ കൗമാരദശകൾ കഴിഞ്ഞ് യൗവനത്തിലെത്തിയ അരുന്ധതിക്ക് വിഷ്‌ണുവിന്റെ അനുഗ്രഹത്താൽ വസിഷ്ഠനെ തന്നെ ഭർത്താവായി ലഭിച്ചു. പതിവ്രതയായ അരുന്ധതി പരപുരുഷന്മാരെ ആഗ്രഹിക്കുകയോ വിചാരിക്കുകയോ ചെയ്തിരുന്നില്ല. ദേവകളും മറ്റ് മഹ‌ർഷിമാരും ബഹുമാനത്തോടുകൂടി മാത്രമേ അരുന്ധതിയെ വീക്ഷിച്ചിരുന്നുള്ളൂ. അരുന്ധതിയുടെ ഏക ഭർതൃവിചാരവും ദേവകൾ നൽകുന്ന ബഹുമാനവും മറ്റ് സ്ത്രീകളിൽ അസൂയക്ക് കാരണമായെങ്കിലും വിഷ്‌ണുവിന്റെ അനുഗ്രഹം അവൾക്ക് ലഭിച്ചു കൊണ്ടേയിരുന്നു. സന്താനങ്ങളോടൊപ്പം സംതൃപ്തമായ കുടുംബജീവിതം അവൾക്ക് സാധ്യമായിരുന്നു. ഒരു യാഗത്തിന്റെ പേരിൽ നിമി ചക്രവർത്തിയുമായുണ്ടായ തർക്കത്തെത്തുടർന്ന് വസിഷ്ഠന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു. ഇതറിഞ്ഞ അരുന്ധതിയും ശരീരം ഉപേക്ഷിച്ചു. രണ്ടുപേരും നക്ഷത്രങ്ങളായി രൂപമെടുത്ത് ഉയർന്ന് പൊങ്ങി ആകാശത്ത് നില ഉറപ്പിച്ചു. ഏക ഭർത്താവിനെ മാത്രം ആഗ്രഹിച്ചും അനുഭവിച്ചും ജീവിച്ചിരുന്ന അരുന്ധതിയുടെ ജീവിതം തങ്ങളുടെ പുത്രിമാർക്കും ലഭിക്കുന്നതിനായി അരുന്ധതി നക്ഷത്രം ഉദിക്കുന്ന വേളകളിൽ വിവാഹപ്രായമായ സ്ത്രീകളെ നക്ഷത്രത്തെ കാണിക്കുന്നത് ഭാരതത്തിൽ ഒരാചാരമായി തീർന്നു. ഈ ആചാരം ഇന്നും നിലനിൽക്കുന്നു.