highcourt

​​​​കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപിൽ നിന്ന് ഹെലികോപ‌്ടർ മാർഗം ചികിത്സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്‌മിനിട്രേഷൻ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ പുതിയ നി‍ർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുന്നുവെന്ന് ആരോപിച്ചുളള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയാറാക്കാൻ അഡ്‌മിനിസ്ട്രേഷനോട് കോടതി നി‍ർദേശിച്ചു. പത്തുദിവസത്തിനകം മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനും മാർഗരേഖ വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കളക്‌ടറുടെ കോലം കത്തിച്ചതിന്‍റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ അമിനിയിലുളള സി ജെ എം മുമ്പാകെ ഇന്നുതന്നെ ഓൺലൈൻ മുഖാന്തരം ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ കേസ് എടുത്തിട്ടും പൊലീസ് തടഞ്ഞുവച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ മനപൂ‍ർവം തടഞ്ഞുവെച്ചിട്ടില്ലെന്നും ബോണ്ട് ഉൾപ്പടെയുളള ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ വന്നതോടെയാണ് വിട്ടയക്കാതിരുന്നതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു. ജാമ്യ വ്യവസ്ഥകൾ നടപ്പായാൽ ഇന്ന് തന്നെ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു.